Connect with us

Malappuram

ബി പി എല്‍ അന്തിമ പട്ടിക 22നകം

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി നല്‍കിയ അപേക്ഷകളില്‍ അന്തിമ തീരുമാനമെടുത്തത് ജൂലൈ 22നകം പഞ്ചായത്ത് തലത്തില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ധാരണയായി. ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. നേരത്തെ ഇതിനായി പഞ്ചായത്ത്തലത്തില്‍ സ്‌ക്രീനിങ് കമ്മിറ്റികള്‍ രൂപവത്കരിച്ചെങ്കിലും ആനക്കയം പഞ്ചായത്ത് മാത്രമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, സെക്രട്ടറി കണ്‍വീനറും,വില്ലേജ് ഓഫീസര്‍,റേഷനിങ് ഇന്‍സ്‌പെക്റ്റര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയില്‍ ഐ സി ഡി എസ് ചെയര്‍പേഴ്‌സനേയും ഉള്‍പ്പെടുത്തി. എല്ലാ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുകയാണെങ്കില്‍ നിശ്ചിത സമയത്തിനകം ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറിമാര്‍ ഉറപ്പ് നല്‍കി. ജൂലൈ 17 നും 22 നുമിടയില്‍ ഹിയറിങ് നടത്തി ഗ്രാമസഭകളില്‍ അംഗീകാരത്തിനായി ചര്‍ച്ച് ചെയ്തതിന് ശേഷം ബി ഡിഒമാര്‍ അംഗീകരിച്ച പട്ടികയാണ് ജില്ലാ കലക്ടര്‍ക്ക് നല്‍കേണ്ടത്.
“ഹിയറിങ് സംബന്ധിച്ച് പത്രമാധ്യമങ്ങളിലൂടെയും നോട്ടീസ്, മൈക്ക് അനൗണ്‍സ്‌മെന്റ് എന്നിയിലൂടെയും വ്യാപക പ്രചാരണം നല്‍കും. സുതാര്യ കേരളം സെല്ലില്‍നിന്നും ലഭിക്കുന്ന പഞ്ചായത്ത്തലത്തില്‍ പരിഹരിക്കേണ്ട പരാതികള്‍ക്ക് 14 ദിവസത്തിനകം മറുപടി നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറമമ്പാട്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ജയദേവന്‍, സെക്രട്ടറി സി കെ എ റസാഖ്, എ ഡി എം. പി മുരളീധരന്‍, ഡെപ്യൂട്ടി കലക്ടര്‍ വി.കെ.സുന്ദരന്‍, ദാരിദ്യലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പ്രവീണ്‍ദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ എം ജയിംസ്, ലീഡ് ബേങ്ക് മാനേജര്‍ ടി എം സജികുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സുകുമാരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.