Connect with us

Palakkad

കനത്ത മഴ: ജില്ലയില്‍ വ്യാപക നാശനഷ്ടം

Published

|

Last Updated

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ വ്യാപക നാശ നഷ്ടം. പലയിടത്തും കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. റോഡില്‍ മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗത സ്തംഭനവും ഉണ്ടായി. സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണ് അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
മൂന്നു ദിവസത്തെ ഇടവേളക്കു ശേഷം ഇന്നലെ ജില്ലയില്‍ കനത്തു പെയ്യുകയായിരുന്നു. മഴ കണക്കെടുപ്പ് കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 70 മുതല്‍ 80 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. നഗരത്തില്‍ പലഭാഗങ്ങളും വെള്ളക്കെട്ടിനടിയിലായി. പാലക്കാട് നഗരത്തില്‍ റോബിന്‍ സണ്‍ റോഡ്, ശകുന്തള ജംങ്ഷന്‍, ബി ഒ സി റോഡ് എന്നിവ വെള്ളത്തിനടിയിലായിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. മാത്രവുമല്ല, നഗരത്തില്‍ പ്രദേശങ്ങളിലൂടെ ഒഴുകുന്ന കല്‍പ്പാത്തി പുഴ, യാക്കര പുഴ എന്നിവ നിറഞ്ഞൊഴുകുകയാണ്.
ഒറ്റപ്പാലം: പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയില്‍ ലക്കിടിയിലാണ് ലക്കിടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മരം കടപുഴകി വീണത്. ഇന്നലെ ഉച്ചക്ക് 1 45 ഓടെയായിരുന്നു സംഭവം. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് മരം നീക്കിയത്.
വടക്കഞ്ചേരി: കടപ്പാറയില്‍ മരം വീണ് വീട് തകര്‍ന്നു. കടപ്പാറ കൊമ്പനാല്‍ രവീന്ദ്രന്റെ വീടാണ് തിങ്കളാഴ്ച രാവിലെ വന്‍ ചടച്ചിമരം കടപുഴകി വീണ് തകര്‍ന്നത്. വീടിലുണ്ടായിരുന്ന രവീന്ദ്രനും ഭാര്യ രജനിയും മകന്‍ ജിജുവും മകന്റെ ഭാര്യ സന്ധ്യയും രണ്ടുകുഞ്ഞുങ്ങളും ശബ്ദം കേട്ട ഉടനെ പുറത്തേക്കോടിയതിനാല്‍ അപകടം ഒഴിവായി.
വീടിന്റെ അടുക്കള ഭാഗത്താണ് മരം വീണത്. മംഗലം ഡാം വില്ലേജ് ഓഫീസ് സ്ഥലം സന്ദര്‍ശിച്ചു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.