ഭീതി വിതച്ച് സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍

Posted on: June 25, 2013 8:16 am | Last updated: June 25, 2013 at 8:16 am
SHARE

പാലക്കാട്: സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ നഗരത്തില്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. സുല്‍ത്താന്‍പേട്ട- സ്റ്റേഡിയം റോഡ്, കല്‍മണ്ഡപം – സ്റ്റേഡിയം റോഡ്, കൊപ്പം- മണലി ബൈപാസ് റോഡുകളിലൂടെയുള്ള ബസുകളുടെ അമിത വേഗതയാണ് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്. മലമ്പുഴ, റെയില്‍വേ കോളനി, കൊട്ടേക്കാട് ബസുകള്‍ സുല്‍ത്താന്‍പേട്ട വഴി നടത്തുന്ന മരണപ്പാച്ചിലും കാല്‍നടയാത്രക്കാര്‍ക്ക് ഭീതിയിലാക്കുന്നുണ്ട്. സുല്‍ത്താന്‍പേട്ട ഭാഗത്ത് നടപ്പാത സഞ്ചാര യോഗ്യമല്ലാത്തതും കോയമ്പത്തൂര്‍ റോഡിലെ നടപ്പാതകള്‍ കച്ചവടക്കാരും ഉന്തുവണ്ടിക്കാരും കൈയേറുന്നതും യാത്രക്കാരെ വലക്കുന്നു. സ്റ്റേഡിയം സ്റ്റാന്‍ഡിന് മുന്നിലെ നടപ്പാതകളുടെ ഒരു ഭാഗം കച്ചവടക്കാരും മറുവശം ഓട്ടോറിക്ഷക്കാരും കൈയേറിയിരിക്കുകയാണ്. പ്രധാന കവലകളില്‍ ഓട്ടോ സ്റ്റാന്‍ഡിന് മുനിസിപ്പാലിറ്റിയുടെ അംഗീകാരം വേണമെന്നിരിക്കെ ഇവിടെ നിയമം കാറ്റില്‍ പറത്തുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലും ബസ് സ്റ്റാന്‍ഡിന് മുന്നില്‍ നിന്ന് ഓട്ടോറിക്ഷക്കാര്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും തിരക്കും ഗതാഗത തടസവുമുണ്ടാക്കുന്നു. പരാതി പറയുന്നവരെ ഡ്രൈവര്‍മാര്‍ അസഭ്യം പറയുന്നതും സ്ഥിരം കാഴ്ചയാണ്. സ്റ്റാന്‍ഡിന് മുന്നിലെ സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുമില്ല. കല്‍മണ്ഡപം, സുല്‍ത്താന്‍പേട്ട, കോട്ടമൈതാനം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നിടത്താണ് ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
ശേഖരിപുരം ജംഗ്ഷനില്‍ നിന്ന് ദിശതെറ്റി വരുന്ന കെ —എസ് ആര്‍ ടി സി ബസുകളും യാത്രക്കാരെ ഇവിടെ ഇറക്കിവിടുന്നതോടെ തിരക്ക് പതിന്മടങ്ങാകും. സ്റ്റാന്‍ഡിനകത്തെ എയ്ഡ്‌പോസ്റ്റിലെ പോലീസുകാരോ പട്രോളിംഗ് സ്‌ക്വാഡുകളോ യാതൊരു നടപടിയുമെടുക്കുന്നില്ല. ഹൈമാസ്റ്റ് വിളക്ക് കത്താത്തതും യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്നു.— ഗതാഗത പരിഷ്‌കാരത്തെ തുടര്‍ന്ന് സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ നിന്ന് റൈറ്റ് ടേണ്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇടവഴികളിലെ കടന്നുകയറ്റവും ശക്തമായി. സുല്‍ത്താന്‍പേട്ട മുതല്‍ സ്റ്റേഡിയം വരെയുള്ള ഭാഗത്ത് നടപ്പാത സഞ്ചാര യോഗ്യമാക്കുകയും ഡിവൈഡറുകളോ ബാരിക്കേഡുകളോ സ്ഥാപിക്കുകയും സ്റ്റാന്‍ഡിന് മുന്നില്‍ ഹമ്പുകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും. അമിതവേഗതയില്‍ ഓടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമെടുക്കണമെന്നും ജനങ്ങള്‍ പറയുന്നു.