വ്യാജ മണല്‍ പാസ് നിര്‍മിച്ച് വിതരണം; പഞ്ചായത്ത് യോഗത്തില്‍ നിന്ന് എല്‍ ഡി എഫ് ഇറങ്ങിപ്പോയി

Posted on: June 25, 2013 8:15 am | Last updated: June 25, 2013 at 8:15 am
SHARE

കൂറ്റനാട്: ആനക്കര പഞ്ചായത്തിലെ വ്യാജ മണല്‍ പാസ് നിര്‍മിച്ച് വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് യഥാര്‍ഥ പ്രതികളെ മുഴുവന്‍ പിടികൂടണമെന്നും ഇതിന് ഉത്തരവാദികളായ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ മൂന്നാഴ്ച മുമ്പാണ് എവിടെയും കേട്ടുകേള്‍വിപോലുമില്ലാത്ത വിധത്തില്‍ ഒരിക്കല്‍ നല്‍കിയ മണല്‍ പാസുകളുടെ വ്യാജ കോപ്പികള്‍ ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപക്ക് വിറ്റത് പിടിക്കപ്പെട്ടത്. പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരനെയാണ് ഇതിന് പിടികൂടിയത്. എന്നാല്‍, കഴിഞ്ഞ ഏറെ കാലമായി നൂറ് കണക്കിന് പാസുകളാണ് ഈവിധം തിരുത്തിതയാതി ആരോപണം വന്നിട്ടുള്ളത്. ഇതിനുപുറകില്‍ വലിയ സംഘമുള്ളതായി സംശയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സി പി എം, ഡി വൈ എഫ് ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
യോഗത്തില്‍ ഇറങ്ങിപോന്ന എല്‍ ഡി എഫ് അംഗങ്ങള്‍ കുമ്പിടി സെന്ററില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. സി പി എം ഏരിയാ കമ്മിറ്റിയംഗം എം കെ പ്രദീപ് ആനക്കര, എല്‍ സി സെക്രട്ടറി പി കെ ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.