രാത്രികാല ഗതാഗതനിരോധം: കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണം

Posted on: June 25, 2013 8:13 am | Last updated: June 25, 2013 at 8:13 am
SHARE

സുല്‍ത്താന്‍ബത്തേരി: മൈസൂര്‍- കോഴിക്കോട് ദേശീയ പാതയിലും ബാവലിവന മൈസൂര്‍ റോഡിലും ഏര്‍പ്പെടുത്തിയ രാത്രികാലയാത്ര നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് മോട്ടോര്‍ എന്‍ജിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
വന്യ മൃഗ സംരക്ഷണത്തിന്റെപേരില്‍ പ്രസ്തുത റോഡുകളില്‍ യാത്രാനിരോധനം കൊണ്ടുവന്ന് ചാമ്മരാജ് ജില്ലാ കലക്ടറുടെ ഉത്തരവ് പിന്നീട് കര്‍ണാടക ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഇപ്പോള്‍ ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിരോധനം നിലവില്‍വെന്ന് ആറ് മാസം കഴിഞ്ഞപ്പോള്‍ മൂന്ന് മാസം കൊണ്ട് നിരോധനം പിന്‍വലിക്കുമെന്നാണ് എം ഐ ശാനവാസ് എം പി പറഞ്ഞത്. എന്നാല്‍ ഈ ഉറപ്പ് ഇതുവരെയും പാലിച്ചിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ പരിഹരിക്കാവുന്ന വിഷയമാണെന്നിരിക്കെ ഇതിനായി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ തയ്യാറാവാതെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് എം പി കാണിക്കുന്നത്.
ഇപ്പോള്‍ നാഷണല്‍ ഹൈവേ 212ന്റെ പദവി പോലും എടുത്തുമാറ്റി ഈ റോഡ് വെറും സ്‌റ്റേറ്റ് ഹൈവേയാക്കിമാറ്റാനുള്ള തീരുമാനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ഉദ്ഘാടനം ചെയ്തു. എന്‍ എം ആന്റണി സി കെ ശശീന്ദ്രന്‍, വി വി ബേബി, സുരേഷ് താളൂര്‍ പ്രസംഗിച്ചു.