തൊഴിലുറപ്പ് പദ്ധതി: മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി

Posted on: June 25, 2013 8:09 am | Last updated: June 25, 2013 at 8:09 am
SHARE

കല്‍പ്പറ്റ: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്താവുന്ന പ്രവൃത്തികള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി. കേന്ദ്ര സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ചതിനു അനുസൃതമായി ഏറ്റെടുക്കാവുന്ന പ്രവൃത്തികളില്‍ സ്പഷ്ടീകരണം നല്‍കണമെന്ന് തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറ്കടര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി തദ്ദേശ സ്വയഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭൂവികസനത്തിനു കുറ്റിക്കാടുകള്‍ നീക്കം ചെയ്യുന്നത് പ്രവൃത്തിയായി ഏറ്റെടുക്കാം. പൊതുസ്ഥലങ്ങളിലും ചെറുകിട നാമമാത്ര കര്‍ഷകരുടെ നിലങ്ങളിലും പറമ്പുകളിലും ഭൂമിയുടെ മൊത്തത്തിലുള്ള വികസനത്തിനും പരിസ്ഥിതി പുനഃസ്ഥാപനത്തിനും ആവശ്യമായ പ്രവൃത്തികള്‍ നടത്താം. തരിശുകിടക്കുന്ന വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിനായി കുറ്റിക്കാട് നീക്കല്‍, വരമ്പ് നിര്‍മാണം, മണ്ണിളക്കല്‍, തറ നിരപ്പാക്കല്‍ എന്നീ പ്രവൃത്തികള്‍ ഭൂവികസനത്തില്‍ ഉള്‍പ്പെടുത്തി ചെയ്യാം.
വയലിലേക്കുള്ള ജലസേചനം മെച്ചപ്പെടുത്തുന്നതിനു പാര്‍ശ്വങ്ങളില്‍ നിലവിലുള്ള കൈത്തോടുകള്‍ മെച്ചപ്പെടുത്താം. പുതിയ കൈത്തോടുകള്‍ നിര്‍മിക്കാം. നെല്‍കൃഷിയില്‍ നിലം ഉഴല്‍, ഞാറ് ഉത്പാദനം, വളം വിതറല്‍, കീടനാശിനി പ്രയോഗം, ഞാറുനടീല്‍, കളപറിക്കല്‍, കൊയ്ത്ത് എന്നീ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ പാടില്ല. വിത്ത്, വളം, കീടനാശിനി എന്നിവയ്ക്കുള്ള തുക പദ്ധതിയില്‍നിന്നു ചെലവഴിക്കാനാകില്ല.
പറമ്പുകളില്‍ കിളയ്ക്കല്‍, പുതയിടല്‍, വൃക്ഷങ്ങള്‍ക്ക് തടംതുറക്കല്‍, ബണ്ട്-കയ്യാല നിര്‍മാണം, ചരിവ് അനുസരിച്ച് തറ നിരപ്പാക്കല്‍, ഫാം ബണ്ടിംഗ്, കോണ്‍ ടൂര്‍ ബണ്ട് നിര്‍മാണം എന്നിവ നടത്താം.
പൊതുസ്ഥലങ്ങളിലും ചെറുകിട നാമമാത്ര കര്‍ഷകരുടെ ഭൂമിയിലും തോട്ടവിളകള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിക്കായി ഭൂമി ഒരുക്കല്‍, വെള്ളം നനയ്ക്കല്‍ എന്നിവ ഹോര്‍ട്ടികള്‍ച്ചര്‍-പ്ലാന്റേഷന്‍ വിഭാദത്തില്‍പ്പെടുത്തി ഏറ്റെടുക്കാം. പറമ്പുകളില്‍ ജലസേചനത്തിനായി ചാലുകള്‍ നിര്‍മിക്കാം. ഇതിന് സംരക്ഷണ ഭിത്തി ആവശ്യമായി വന്നാല്‍ തുക മെറ്റീരിയല്‍ കംപോണന്റില്‍ നിന്നും ജലസേചനത്തിന് പമ്പ് ആവശ്യമെങ്കില്‍ തുക പ്ലാന്‍ ഫണ്ടില്‍നിന്നോ ഇതര ഫണ്ടുകളില്‍നിന്നോ കണ്ടെത്തണം.
ജലസംരക്ഷണത്തിനും മഴക്കൊയ്ത്തിനുമായി നീരുറവകളുടെ പരിപാലനം, ഭൂഗര്‍ഭ നീരൊഴുക്ക് സംരക്ഷിക്കുന്ന അടിയണ നിര്‍മാണം, മണ്‍ തയയണ നിര്‍മാണം, തടയണ നിര്‍മാണം, കുളങ്ങള്‍ വൃത്തിയാക്കല്‍ ഉള്‍പ്പെടെ പരമ്പരാഗത ജലസ്രോതസുകളുടെ പുനഃര്‍നിര്‍മാണം എന്നിവ ഏറ്റെടുക്കാം.
ഗ്രാമങ്ങളില്‍ ഏതുകാലാവസ്ഥയിലും ഉപയോഗയോഗ്യമായ റോഡുകളുടെയുടെ കള്‍വര്‍ട്ടുകളുടെയും നിര്‍മാണം നടത്താം. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭാരത് നിര്‍മാണ്‍ രാജീവ് ഗാന്ധി സേവാകേന്ദ്രങ്ങളുടെ പ്രവൃത്തി ഏറ്റെടുക്കാം.
നാടേപ്പ് കമ്പോസ്റ്റിംഗ്, വെര്‍മി കമ്പോസ്റ്റിംഗ്, ജൈവ-ദ്രവ വളം ഉത്പാദനം എന്നീ കാര്‍ഷിക സംബന്ധമായ പ്രവൃത്തികള്‍ ഏറ്റെടുക്കാം. കോഴിക്കൂട്, ആട്ടിന്‍കൂട്, തൊഴുത്തുകളില്‍ ഉറപ്പുള്ള തറ, ഗോമൂത്ര സംഭരണി, പുല്‍ത്തൊട്ടി നിര്‍മാണം എന്നിവ നടത്താം. കന്നുകാലികളുടെ പൂരക തീറ്റ ഇനമായ അസോള കൃഷി ചെയ്യാം.
പൊതുസ്ഥലങ്ങളില്‍ വര്‍ഷകാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലെ മത്സ്യകൃഷി എറ്റെടുക്കാം. മത്സ്യം ഉണക്കി സൂക്ഷിക്കുന്ന കളം നിര്‍മാണം, തീരപ്രദേശങ്ങളെ കടലാക്രമണത്തില്‍നിന്നു സംരക്ഷിക്കുന്ന മരങ്ങള്‍ കടലോരങ്ങളില്‍ വെച്ചുപിടിപ്പിക്കല്‍ എന്നീ പ്രവൃത്തികള്‍ നടത്താം. സോക്ക് പിറ്റ്, റീചാര്‍ജ് പിറ്റ് തുടങ്ങിയ ഗ്രാമീണ കുടിവെള്ള സംരക്ഷണ പ്രവൃത്തികള്‍ ആകാം.
വ്യക്തിഗത കക്കൂസ് നിര്‍മാണം, സര്‍ക്കാര്‍ സ്‌കൂളുകളിലെയും അങ്കണവാടികളിലെയും ശൗചാലയങ്ങളുടെ നിര്‍മാണം, ഖര-ദ്രവ മാലിന്യ പരിപാലനം തുടങ്ങിയ ഗ്രാമീണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താം. അങ്കണവാടികള്‍, കളിസ്ഥലങ്ങള്‍ എന്നിവയുടെ നിര്‍മാണം ഏറ്റെടുക്കാം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന അറ്റകുറ്റപ്പണികള്‍ കഴിഞ്ഞകാലങ്ങളില്‍ പദ്ധതിയില്‍ നടത്തിയ പ്രവൃത്തികളുടേതായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.