എല്‍ ഡി എഫ്, ജനതാദള്‍ എസ് യോഗങ്ങള്‍ ഇന്ന്; തെറ്റയിലിന്റെ രാജി ചര്‍ച്ചയാവും

Posted on: June 25, 2013 7:58 am | Last updated: June 25, 2013 at 10:07 am
SHARE

jose thettayilതിരുവനന്തപുരം: ഇടതു മുന്നണിയുടെയും ജനതാദള്‍ എസിന്റെയും നിര്‍ണായക യോഗം ഇന്ന് തലസ്ഥാനത്ത്. ലൈംഗികാരോപണവിധേയനായ ജോസ് തെറ്റയിലിന്റെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുകയാണ് മുഖ്യ അജന്‍ഡ. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയ പശ്ചാത്തലത്തില്‍ സോളാര്‍ പ്രശ്‌നത്തില്‍ നടത്തേണ്ട തുടര്‍ പ്രക്ഷോഭങ്ങള്‍ക്കും യോഗം രൂപം നല്‍കും. തെറ്റയിലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്നലെ ചേര്‍ന്ന മുന്നണി നേതാക്കളുടെ അനൗപചാരിക യോഗം ജനതാദള്‍ എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ജനതാദള്‍ എസ് യോഗം ചേരുന്നത്.
വിഡിയൊ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന നിലപാടിലാണ് ജോസ് തെറ്റയില്‍. എന്നാല്‍, രാജിവെക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ഘടകക്ഷികള്‍ക്ക്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമുയര്‍ത്തുമ്പോള്‍ തെറ്റയില്‍ രാജിവെക്കാതിരിക്കുന്നത് പ്രതിഷേധത്തിന്റ മുനയൊടിക്കുമെന്നാണ് മുന്നണിയുടെ നിലപാട്. ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ ജനതാദള്‍ എസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന ഒരു നിലപാട് സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.