അട്ടിമറിയില്ലെങ്കില്‍ ബ്രസീല്‍-സ്‌പെയിന്‍ ഫൈനല്‍

Posted on: June 25, 2013 6:36 am | Last updated: June 25, 2013 at 12:38 am
SHARE

*ബ്രസീല്‍-ഉറുഗ്വെ സെമി നാളെ

*സ്‌പെയിന്‍ – ഇറ്റലി സെമി 27ന്

confederationറിയോ ഡി ജനീറോ: മാറക്കാനയില്‍ 30ന് നടക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ബ്രസീലും സ്‌പെയിനും തമ്മിലുള്ള സ്വപ്‌നപോരാട്ടം കാണാന്‍ സാധിക്കുമോ? സാധ്യത ഏറെയാണ്. ബ്രസീല്‍-ഉറുഗ്വെ ; സ്‌പെയിന്‍-ഇറ്റലി എന്നിങ്ങനെയാണ് സെമിഫൈനല്‍. താഹിതിയെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഉറുഗ്വെ ഗ്രൂപ്പ് ബി റണ്ണേഴ്‌സപ്പായി സെമി ഉറപ്പിച്ചപ്പോള്‍ അട്ടിമറി ലക്ഷ്യമിട്ട നൈജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി സ്‌പെയിന്‍ ബി ഗ്രൂപ്പില്‍ ചാമ്പ്യന്‍മാരായി.
ടൂര്‍ണമെന്റിലെ ഫോം പരിഗണിച്ചാല്‍ സ്‌പെയിനും ബ്രസീലും തന്നെയാണ് കലാശക്കളിക്ക് യോഗ്യര്‍. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഉറുഗ്വെക്ക് സ്‌കൊളാരിയുടെ ബ്രസീലിനെതിരെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടി വരും. യൂറോ കപ്പ് റണ്ണേഴ്‌സപ്പായ ഇറ്റലിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത ബ്രസീല്‍ വര്‍ധിത ആത്മവിശ്വാസത്തിലാണ്. സ്‌പെയിന്‍-ഇറ്റലി പോരാട്ടം യൂറോകപ്പ് ഫൈനലിന്റെ ആവര്‍ത്തനമാണ്. സെസാര്‍ പ്രാന്‍ഡെലിക്കും കൂട്ടര്‍ക്കും യൂറോയിലെ തിരിച്ചടിക്ക് മധുരപ്രതികാരത്തിനുള്ള അവസരമാണ് മുന്നിലുള്ളത്. എന്നാല്‍, വിസെന്റ് ഡെല്‍ബോസ്‌കിന്റെ ടീമിനെ തോല്‍പ്പിക്കാനുള്ള കരുത്ത് ഇറ്റലി ആര്‍ജിക്കേണ്ടിയിരിക്കുന്നു.
ഫിഫയുടെ ഔദ്യോഗിക കണക്കനുസരിച്ച് സ്‌പെയിന്‍ തോല്‍വിയറിയാതെ 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. നൈജീരിയക്കെതിരെ ജോര്‍ഡി അല്‍ബ ഇരട്ട ഗോളുകള്‍ (3,87) നേടിയപ്പോള്‍ ഫെര്‍നാന്‍ഡോ ടോറസ് (63) ഗോളടി മികവ് തുടര്‍ന്നു.
നൈജീരിയയോട് ആറ് ഗോളുകള്‍, സ്‌പെയിനിനോട് പത്ത് ഗോളുകള്‍, ഉറുഗ്വെയോട് എട്ട് ഗോളുകള്‍. ടൂര്‍ണമെന്റില്‍ നിന്ന് 24 ഗോളുകള്‍ വഴങ്ങി താഹിതിയെന്ന കൊച്ചു ടീം മടങ്ങി. പക്ഷേ, കാണികളുടെ ടീം താഹിതിയായിരുന്നു. അമേച്വര്‍ താരങ്ങളുമായി പൊരുതിയ താഹിതി ബ്രസീല്‍ ജനതയുടെ സ്വന്തം ടീമായി മാറി. താഹിതിക്കെതിരെ രണ്ട് ഗോളുകള്‍ നേടിയ ലൂയിസ് സുവാരസ് 36 ഗോളുകളുമായി ഉറുഗ്വെയുടെ എക്കാലത്തേയും ടോപ് സ്‌കോററായി. സഹതാരം ഡീഗോ ഫോര്‍ലാനെയാണ് പിന്തള്ളിയത്. ആബെല്‍ ഹെര്‍നാണ്ടസ് നാലു ഗോളുകള്‍ നേടി. ഡിയഗോ പെരെസ്, നികോളാസ് ലോഡെയ്‌റോ ഓരോ ഗോളുകള്‍ വീതവും നേടി. ഉറുഗ്വെയുടെ ആന്ദ്രെ സ്‌കോട്ടിയും താഹിതിയുടെ ലുഡിവോനും ചുവപ്പ് കാര്‍ഡ് കണ്ടു.