Connect with us

Editors Pick

സഭക്കും വേണ്ടേ ഒരു സെന്‍സര്‍ ബോര്‍ഡ്

Published

|

Last Updated

ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നൊക്കെയാണ് നിയമസഭയുടെ വിശേഷണം. നാട്ടുകാര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും ജനപ്രതിനിധികള്‍ പ്രചരിപ്പിക്കുന്നതും അങ്ങനെ തന്നെ.

എന്നാല്‍ ഇവിടെയും അടിയന്തരമായൊരു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യകതയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ആഭാസം, അശ്ലീലം, കൂട്ടക്കശാപ്പ്, എടാ പോടാ വിളികള്‍, കൈയാങ്കളി ഇത്യാദി കാര്യങ്ങള്‍ അടിയന്തരമായി നടപടിക്രമങ്ങളുടെ ഭാഗമാക്കേണ്ടിയും വരും. ശക്തര്‍ ആന്‍ഡ് കൗള്‍ മാത്രം പഠിച്ച് സഭാ പ്രവര്‍ത്തനം നടത്താമെന്ന് കരുതുന്നവര്‍ക്കും തെറ്റി.
ഒളിക്യാമറ, കുടുംബ കോടതി പരാതികള്‍, ശത്രു പാളയത്തിലുള്ളവരുടെ കുടുംബപശ്ചാത്തലം തുടങ്ങിയ കാര്യങ്ങളില്‍ അത്യാവശ്യം വേണ്ട അറിവുകള്‍ സ്വായത്തമാക്കിയാലേ ഇവിടെ പിടിച്ചു നില്‍ക്കാന്‍ പറ്റു.
സരിതോര്‍ജത്തിനൊപ്പം ഇത്തരം കാര്യങ്ങളിലെ മിനിമം അറിവുകള്‍ പങ്ക് വെക്കാന്‍ ശ്രമിച്ചതാണ് ഇന്നലെ സഭയുടെ ക്രമസമാധാനം തകര്‍ത്തത്. ശേഷിച്ച ധനാഭ്യര്‍ഥനകള്‍ ഒന്നിച്ച് ചുട്ടെടുത്തതോടെ രണ്ടാഴ്ചയിലെ കൂടിച്ചേരല്‍ ഒഴിവായി കിട്ടി.
പതിവ് പോലെ മുഖ്യമന്ത്രി തന്നെയായിരുന്നു അടിയന്തരപ്രമേയത്തിലെ ഉന്നം. ഓഫീസ് ജീവനക്കാരനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ തുടങ്ങി സോളാര്‍ വരെ നീളുന്ന കുറ്റപത്രം ഇ പി ജയരാജന്‍ അവതരിപ്പിച്ചു. സലിംരാജന്‍, സരിത എസ് നായര്‍, ടെന്നിജോപ്പന്‍, ജിക്കുമോന്‍ ജേക്കബ് തുടങ്ങി പതിവ് കഥാപാത്രങ്ങള്‍ക്കൊപ്പം സ്റ്റാഫില്‍ നിന്ന് ഒടുവില്‍ പുറത്തായ കെ ഗിരീഷ്‌കുമാറുമെല്ലാം അരങ്ങിലെത്തി.
നിയമം വിട്ട് ഇടത്തോട്ടും വലത്തോട്ടും അണുവിട തിരിയില്ല തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അതിനാല്‍, സ്റ്റാഫിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ തക്കസമയത്ത് നടപടിയെടുത്തു. പരാതി നല്‍കിയ പെണ്‍കുട്ടി വിളിച്ചതും എസ് എം എസ് അയച്ചതുമെല്ലാം അങ്ങോട്ടാണ്.
ഒരു കോള്‍ അങ്ങോട്ട് വിളിച്ചിപ്പോള്‍ മൂന്നെണ്ണം തിരിച്ച്. അങ്ങോട്ട് രണ്ട് എസ് എം എസ് അയച്ചപ്പോള്‍ എഴുപതെണ്ണം തിരിച്ച്. ഗിരീഷിന്റെ സുഹൃത്തുക്കളെയും പരാതിക്കാരി ഇങ്ങോട്ടാണ് കൂടുതല്‍ വിളിച്ചതെന്നും മന്ത്രി. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും മന്ത്രി ഗവേഷണം നടത്തി. പരാതിക്കാരിയുടെ പൂര്‍വകാലം അത്ര മേന്മയുള്ളതല്ലെന്ന് പറയാതെ പറയുകയായിരുന്നു മന്ത്രി. ജനങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒട്ടനവധി കൊള്ളരുതായ്മകള്‍ നാട്ടില്‍ നടക്കുകയാണെന്നും തെറ്റയിലിനെ മനസ്സില്‍ കണ്ട് തിരുവഞ്ചൂര്‍ പറഞ്ഞുവെച്ചു.
പരാതിക്കാരിയെ അപമാനിച്ച തിരുവഞ്ചൂരിനെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണമെന്നായി പ്രതിപക്ഷം. സോളാര്‍ മുതല്‍ ഇന്നലെ വരെ പറഞ്ഞ കാര്യങ്ങളിലൊന്നും വാസ്തവമില്ലെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അടിയന്തരപ്രമേയവുമായി ഇങ്ങോട്ട് വരേണ്ടതില്ലെന്ന് പ്രതിപക്ഷത്തെ ഉപദേശിച്ചു.
ഓരോ ആക്ഷേപങ്ങള്‍ക്കും കൃത്യമായ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്ന മുന്നറിയിപ്പ് കൂടി നല്‍കിയാണ് മുഖ്യമന്ത്രി നിര്‍ത്തിയത്. മന്ത്രിമാരുടെ വിശദീകരണം തീര്‍ന്നതോടെ ജയരാജന്റെ നോട്ടീസിന് അടിയന്തരപ്രാധാന്യമില്ലെന്ന് സ്പീക്കര്‍ വിധിച്ചു.
തുടര്‍ന്ന് ഇടപെട്ട വി എസ് അച്യുതാനന്ദന്‍ ആദ്യം തന്നെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലേക്ക് കയറി. ഇതോടെ ഭരണപക്ഷവും ഇളകി. സ്പീക്കര്‍ വിലക്കിയിട്ടും ഭരണപക്ഷം തടസ്സപ്പെടുത്തിയിട്ടും വി എസ് നിര്‍ത്തിയില്ല. പന്തികേട് തോന്നിയ സ്പീക്കര്‍ വി എസിന്റെ മൈക്ക് ഓഫാക്കി സ്ഥലം വിട്ടു. പിന്നെ രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച.
സമവായത്തിലെത്താതെ വന്നതോടെ ആറ് ദിവസത്തെ നടപടിക്രമങ്ങള്‍ രണ്ട് മിനുട്ടിനുള്ളില്‍ തീര്‍ത്തു. പ്രതിപക്ഷത്തിന്റെ ഭാഷയില്‍ ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പ്. സ്പീക്കര്‍ക്ക് എതിരെയായി പിന്നീടുള്ള മുദ്രാവാക്യങ്ങള്‍. ബഹളത്തിനിടയില്‍ ധനാഭ്യര്‍ഥനകള്‍ പാസാക്കി സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം സ്പീക്കര്‍ പ്രഖ്യാപിച്ചു. ഇനി ജൂലൈ എട്ടിന് കാണാമെന്ന് പറഞ്ഞ് ഇരുപക്ഷവും പടിയിറങ്ങി. അടുത്ത അങ്കത്തിന് കോപ്പ് കൂട്ടാന്‍.

Latest