കടല്‍ കടക്കാന്‍ കടം വാങ്ങി, ഭാര്യയുടെ ആഭരണം വിറ്റ് കടം വീട്ടി

Posted on: June 25, 2013 6:00 am | Last updated: June 24, 2013 at 11:40 pm
SHARE

loach yathraകടല്‍ കടക്കാന്‍ കടം വാങ്ങി പോയ കഥയാണ് കൊടിഞ്ഞി എറമാക്കവീട്ടില്‍ മുത്തേടത്ത് കുഞ്ഞീതുട്ടി എന്ന ബാപ്പുട്ടിക്ക് പറയാനുള്ളത്. ലോഞ്ചില്‍ പോകാനുള്ള 2,500 രൂപയുണ്ടാക്കാന്‍ അദ്ദേഹം അനുഭവിച്ച പെടാപ്പാട് ചില്ലറയൊന്നുമായിരുന്നില്ല. രാവും പകലുമില്ലാതെ അധ്വാനിച്ചിട്ടും ആവശ്യമായ പണം തികയാതെ വന്നപ്പോള്‍ പലരില്‍ നിന്ന് കടം വാങ്ങിയാണ് കടല്‍കടക്കാന്‍ തീരുമാനിച്ചത്. ഇന്നത്തെ രണ്ടര ലക്ഷം രൂപയുടെ മൂല്യമുണ്ടാകും അന്ന് അത്രയും തുകക്ക് എന്ന് ഇദ്ദേഹം. തനിക്ക് അല്‍പ്പം ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും കുടുംബം രക്ഷപ്പെടുമല്ലോ എന്ന് കരുതിയാണ് ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചത്.

ലോഞ്ചില്‍ പോകുന്നതിന്റെ ഭീകരത അറിയാത്ത മാതാപിതാക്കള്‍ എതിരൊന്നും പറഞ്ഞിരുന്നില്ല. മുംബൈയിലെ പന്‍വേല്‍ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ലോഞ്ച് വരുന്നുണ്ടെന്നറിഞ്ഞ് ഊരല്‍ എന്ന സ്ഥലത്തേക്ക് പോയി. വിദേശങ്ങളില്‍ നിന്ന് കപ്പലില്‍ കള്ളക്കടത്തായി സാധനങ്ങള്‍ എത്തുന്ന കേന്ദ്രമായിരുന്ന ഈ പ്രദേശം ഉപ്പ് mlp- kunheethuttyനിര്‍മാണമേഖല കൂടിയായിരുന്നു. അവിടെ കന്നുകാലികളെ കെട്ടുന്ന ഒരു ഷെഡിലാണ് കഴിച്ചു കൂട്ടിയത്. മൂന്ന് ദിവസം കൊണ്ട് ലോഞ്ച് അക്കരെയെത്തുമെന്നാണ് പറഞ്ഞിരുന്നത്. ഏറെ സമയം കഴിഞ്ഞിട്ടും ലോഞ്ച് വന്നില്ല. വേലിയേറ്റം കുറവായതിനാല്‍ അന്ന് ലോഞ്ച് വരില്ലെന്നും നാളെയെത്തണമെന്നും നിര്‍ദേശമുണ്ടായി. അപ്പോഴേക്കും പോലീസ് എത്തിയെന്ന് കേട്ട് പലരും പലവഴിക്ക് പരക്കം പാഞ്ഞു. വിശന്നു വലഞ്ഞ വയറുമായി തനിച്ച് വയലും കാടും കുന്നും താണ്ടി എത്ര കിലോമീറ്റര്‍ സഞ്ചരിച്ചുവെന്ന് ഓര്‍മയില്ല. രാത്രി രണ്ട് മണിക്കും മങ്ങിയ വെളിച്ചത്തില്‍ തപ്പിത്തടഞ്ഞ് ഏറെ നടന്നു. കുറെ ദൂരം പിന്നിട്ടപ്പോള്‍ എന്തോ നിരന്ന് കിടക്കുന്നതുപോലെ തോന്നി. വല്ല കരിങ്കല്ലും നിരത്തിയിട്ടതാകുമെന്നാണ് ആദ്യം കരുതിയത്. അടുത്തെത്തിയപ്പോള്‍ അവിടെ കുറേ മനുഷ്യന്‍ കിടന്നുറങ്ങുന്നു. എന്നെ കണ്ടപാടെ പലരും എഴുന്നേറ്റു. അവിടത്തെ ഒരുതരം ഗോത്രവര്‍ഗക്കാരായിരുന്നു അത്. കാടുകളില്‍ ജീവിക്കുന്ന വിഭാഗം. വസ്ത്രമൊന്നും ധരിക്കാത്തവര്‍. ഇരുളിനെ വകഞ്ഞ് മാറ്റി ഞാന്‍ ജീവനും കൊണ്ടോടി. ഓട്ടം അവസാനിച്ചപ്പോഴേക്ക് നേരം പുലര്‍ന്നു തുടങ്ങിയിരുന്നു. ഒടുവില്‍ മുറിയിലെത്തിയപ്പോള്‍ കൂട്ടത്തില്‍ പെട്ട പലരെയും പോലീസ് പിടികൂടിയെന്ന വാര്‍ത്തയാണ് കേട്ടത്. ഏറെ നേരം കഴിയുന്നതിന് മുമ്പെ പോലീസെത്തി തന്നെയും ബാക്കിയുണ്ടായിരുന്നവരെയും പിടികൂടി. നാലഞ്ച് പോലീസുകാര്‍ തങ്ങളെ റോഡിലൂടെ നടത്തിക്കൊണ്ടുപോകുകയാണ് ചെയ്തത്. അതുവഴി വന്ന ബസിന് കൈ കാണിച്ച് നിര്‍ത്തി ഓരോരുത്തരെയായി പോലീസ് ബസില്‍ കയറ്റുകയാണ്. ഏറ്റവും പിന്നിലുണ്ടായിരുന്ന താന്‍ ബസില്‍ കയറാതെ തന്ത്രപൂര്‍വം അപ്പുറത്തേക്ക് മാറിയതിനാല്‍ രക്ഷപ്പെട്ടു.
പിന്നീട് കൊടിഞ്ഞി സ്വദേശികളായ ചിലരുടെ കൂടെ അവരുടെ മുറിയില്‍ താമസിച്ചു. എന്നാല്‍ പോലീസ് എത്തുമെന്ന് പലരും പറഞ്ഞതോടെ അവിടെ നിന്ന് ഇറങ്ങി. പക്ഷെ, നാട്ടില്‍വരാന്‍ കൈയില്‍ കാശില്ല. ജോലിയൊന്നും കാര്യമായി അറിയുകയുമില്ല. ഹോട്ടലുകളിലും മറ്റും ജോലി ചെയ്ത് ഒടുവില്‍ കാശ് ഒപ്പിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം കൂലിപ്പണി ചെയ്താണ് ഇദ്ദേഹം കുടുംബത്തെ പോറ്റിയത്. ലോഞ്ചിന് കൊടുക്കാനായി കടം വാങ്ങിയ തുക ഭാര്യയുടെ അരഞ്ഞാണ്‍ വിറ്റാണ് വീട്ടിയതെന്ന് ഇദ്ദേഹം പറഞ്ഞു. ഭാര്യയും അഞ്ചുമക്കളുമുണ്ട് ഇദ്ദേഹത്തിന്.
നാളെ: വിശപ്പടക്കാന്‍ ഒരു ചപ്പാത്തി നാലാക്കിയ കഥ

 

അന്വേഷണം നടക്കുന്നു: മന്ത്രി ഇ അഹമ്മദ്
E.AHAMMED
തിരൂരങ്ങാടി: ലോഞ്ചില്‍ പോയി കാണാതായവര്‍ക്കുള്ള അന്വേഷണം നടക്കുന്നതായി വിദേശകാര്യ സഹമന്ത്രി ഇ അഹ 7 പേരുടെ കുടുംബങ്ങള്‍ നല്‍കിയ പേര് വിവരങ്ങള്‍ കൈവശമുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ പക്കല്‍ ഇവരെ കുറിച്ച് യാതൊരു രേഖകളുമില്ല. രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുളള വിഷയമായതിനാല്‍ ഇടെപടല്‍ നടത്തുക എളുപ്പമല്ല. എന്നാലും ശ്രമങ്ങള്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു. ചെമ്മാട് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.