Connect with us

Editorial

തട്ടത്തിന്റെ രണ്ട് പുറങ്ങള്‍

Published

|

Last Updated

പൊതു സമൂഹത്തിന്റെ ചര്‍ച്ചക്ക് പലപ്പോഴും വിഷയീഭവിച്ചതാണ് സ്‌കൂളുകളില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്ര ധാരണം. സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ ഓഫീസ് കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ക്കയച്ച ഒരു സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഈ വിവാദം ഉയര്‍ന്നു വന്നിരിക്കുന്നു. ശിരോവസ്ത്ര പ്രശ്‌നത്തില്‍ ചില മുസ്‌ലിം സംഘടനകള്‍ സ്‌കൂളുകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടതാണെന്നാണുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ആലുവ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് നിലപാടിനെതിരെ ഒരു വിദ്യാര്‍ഥി സംഘടന ജൂണ്‍ മൂന്നിന് നടത്തിയ അക്രമാസക്തമായ മാര്‍ച്ചിന്റെയും സമാനമായ മറ്റു ചില സംഭവങ്ങളുടെയും പശ്ചാത്തലത്തിലായിരിക്കണം ഇന്റലിജന്‍സിന്റെ ഈ വിലയിരുത്തല്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ കോപ്പിയോടൊപ്പമാണ് വിദ്യാഭ്യസ ഡയറക്ടറേറ്റ് സ്‌കൂള്‍ അധികൃതര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള സ്‌കൂള്‍ അധികൃതരുടെ നിഷേധാത്മകമായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കവകാശമുണ്ട്. സംഘര്‍ഷത്തിനിട വരുത്താത്ത വിധം തികച്ചും സമാധാനപരമായിരിക്കണം പ്രതിഷേധ മുറകള്‍. സംഘര്‍ഷഭരിതമാകുമ്പോള്‍ അവ തടയേണ്ടതും, അക്രമാസക്ത സമരങ്ങള്‍ ഒരു ശീലമാക്കി മാറ്റിയ സംഘടനകളെ നിരീക്ഷണവിധേയമാക്കേണ്ടതും നിയന്ത്രിക്കേണ്ടതും അനിവാര്യവുമാണ്. എന്നാല്‍ സ്‌കൂളുകളിലെ ശിരോവസ്ത്ര പ്രശ്‌നങ്ങളില്‍ പ്രതിസ്ഥാനത്ത് ഒന്നാമത് സ്‌കൂള്‍ അധികൃതരാണ്. വിദ്യാര്‍ഥികളുടെ അച്ചടക്കത്തിന് സ്‌കൂള്‍ യൂനിഫോം നിര്‍ബന്ധമാക്കുമ്പോള്‍, ശിരോവസ്ത്രം ധരിച്ച് വിദ്യാഭ്യാസം ചെയ്യാനുള്ള അവരുടെ അവകാശം വിസ്മരിക്കാവതല്ല. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധില്‍ വിശ്വാസപ്രകാരമുള്ള വസ്ത്ര ധാരണവും വരുന്നുണ്ട്. ശിരോവസ്ത്ര നിരോധത്തിലൂടെ ഈ അവകാശത്തെ ഹനിക്കുന്ന സ്‌കൂള്‍ അധികൃതരുടെ അസഹിഷ്ണുതാപരമായ നിലപാടാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നതെന്ന യാഥാര്‍ഥ്യം എന്തുകൊണ്ടാണ് അധികൃതര്‍ കാണാതെ പോകുന്നത്?
ഇന്റലിജന്‍സ് തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ നടപടിക്രമമനുസരിച്ച് ആഭ്യന്തര വകുപ്പിനാണ് കൈമാറേണ്ടത.് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അതിന്മേല്‍ സ്വീകരിക്കേണ്ട നടപടികളാണ് മറ്റു വകുപ്പുകളെയും കീഴ്ത്തട്ടിലുള്ളവരെയും അറിയിക്കേണ്ടത്. എന്നാല്‍ ശിരോവസ്ത്ര പ്രശ്‌നത്തിലുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരിട്ട് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ എത്തുകയായിരുന്നുവെന്നാണറിയുന്നത്. വിദ്യാഭ്യാസ ഡയറക്ടറേറ്റിന് അങ്ങനെ ലഭിച്ചാല്‍ തന്നെ അതിന്റെ പകര്‍പ്പ് സ്‌കൂളുകളിലെത്തിക്കേണ്ട യാതൊരാവശ്യവുമില്ല. ഇവിടെ അതും സംഭവിച്ചിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയാണെങ്കില്‍ “”ഞാനൊന്നുമറിഞ്ഞില്ലെ”ന്ന് പറഞ്ഞു കൈമലര്‍ത്തുകയും ചെയ്യുന്നു. മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ഉദ്യോഗസ്ഥ, ഭരണ,രാഷ്ട്രീയ തലങ്ങളിലെ മുസ്‌ലിംവിരുദ്ധ മനോഭാവത്തിലേക്കാണ് മുനകള്‍ നീളുന്നത്.
കൂട്ടത്തില്‍ ശിരോവസ്ത്രം പോലുള്ള പ്രശ്‌നങ്ങളില്‍ ക്യാമ്പസുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചില വിദ്യാര്‍ഥി സംഘടനകളുടെ ഉദ്ദേശ്യ ശുദ്ധിയിലും സന്ദേഹിക്കേണ്ടതുണ്ട്. മുസ്‌ലിം പണ്ഡിതരുടെ തലപ്പാവിനെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാനുള്ള വിശാല മനസ്‌കത പ്രകടിപ്പിക്കാതെ, പൗരോഹിത്യവും പ്രാകൃതവുമായി ചിത്രീകരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇവര്‍ മുസ്‌ലിം വിദ്യാര്‍ഥിനികളുടെ ശിരോവസ്ത്ര പ്രശ്‌നത്തില്‍ കുഴപ്പം സൃഷ്ടിക്കുന്നത് വിശ്വാസസ്വാതന്ത്ര്യത്തെച്ചൊല്ലിയാണെന്നത് വിരോധാഭാസമല്ലേ? ഇത്തരക്കാര്‍ തന്നെയായിരുന്നു മുമ്പ് പാവറട്ടിയിലെ സ്‌കൂളില്‍ തൊപ്പി വിവാദമുയര്‍ന്നപ്പോള്‍ തൊപ്പി ധരിക്കാനുള്ള മുസ്‌ലിംകളുടെ അവകാശത്തിന് വേണ്ടി ശബ്ദിക്കുന്നതിന് പകരം, തല മറക്കുന്നത് അറബികളുടെ രീതിയാണെന്നും അനറബികള്‍ അതനുകരിക്കുന്നത് ഭോഷത്വമാണെന്നും വാദിച്ചു സമുദായത്തിന് നേരെ കൊഞ്ഞനം കാട്ടിയത്. വിശ്വാസ സ്വാതന്ത്ര്യ സംരക്ഷണ പ്രതിബദ്ധതക്കുപരി നിക്ഷിപ്ത താത്പര്യങ്ങളാണ് ഇത്തരക്കാരെ നയിക്കുന്നതെന്ന് സംശയിക്കേണ്ടതുണ്ട്.
സ്‌കൂളില്‍ ശിരോവസ്ത്രവും തൊപ്പിയും തലപ്പാവും ധരിക്കാനുള്ള അവകാശം നിഷേധിക്കുന്ന പ്രവണതക്ക് തടയിടേണ്ടതുണ്ട്. ചില സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ഇത്തരം ധിക്കാരപരമായ നിലപാട് സാമുദായിക സ്പര്‍ധക്കിടയാക്കും. അക്രമാസക്തമായ സമരങ്ങളോ പോര്‍വിളികളോ ഇതിന് പരിഹാരമല്ല. ചര്‍ച്ചകളിലൂടെ പരസ്പരം മനസ്സിലാക്കാനും അടുത്തറിയാനുമുള്ള അവസരം സൃഷ്ടിക്കുകയാണ് പ്രായോഗിക മാര്‍ഗം. അതിന് തയാറാകാത്ത വിദ്യാലയാധികൃതരെ നിലക്ക് നിര്‍ത്താനുള്ള ആര്‍ജവം വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുകയും വേണം.