Connect with us

National

ഉത്തരാഖണ്ഡ് പ്രളയം: മരണം 5000 കവിഞ്ഞേക്കും

Published

|

Last Updated

Utharkhand-620x330ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തുടരുന്ന പേമാരിയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. രുദ്രപ്രയാഗിനും ഗുപ്ത് കാശിക്കും ഇടയില്‍ ഇന്നലെ മണ്ണിടിച്ചിലുണ്ടായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. 9,000 ത്തോളം പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇന്നലെ 12,000 പേരെ കൂടി രക്ഷിച്ചു. പ്രളയക്കെടുതിയില്‍ അകപ്പെട്ട 80,000 പേരെ ഇതിനകം രക്ഷിക്കാനായിട്ടുണ്ട്. അതേസമയം, എത്ര പേരെ കാണാതായിട്ടുണ്ടെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. 

ദുരന്തത്തില്‍ അയ്യായിര ത്തിലധികം പേര്‍ മരിച്ചുവെന്ന് ആശങ്കപ്പെടുന്നതായി സംസ്ഥാന ദുരന്ത നിവാരണ മന്ത്രി യശ്പാല്‍ ആര്യ പറഞ്ഞു. വലിയ ദുരന്തമാണ് ഉണ്ടായത്. മരണനിരക്ക് ഇതിലും ഉയര്‍ന്നേക്കാനിടയുണ്ടെന്നും വരും ദിവസം മാത്രമേ ഇതേ കുറിച്ച് വ്യക്തമായ ചിത്രം കിട്ടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 680 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മരണം ആയിരം കവിയുമെന്ന് മുഖ്യമന്ത്രി വിജയ് ബഹുഗുണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുള്ളത്. ഇന്ന് മൂന്നോ നാലോ മണിക്കൂര്‍ കാലാവസ്ഥ അനുകൂലമായി കിട്ടിയാല്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ കഴിയുമെന്ന് എയര്‍മാര്‍ഷല്‍ എസ് ബി ഡിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേദാര്‍നാഥില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്.
അതിനിടെ, മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുന്നതിന് കേദാര്‍നാഥില്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനായി 50 ടണ്‍ മരവും നെയ്യും മറ്റും ഇവിടെയെത്തിച്ചു. വനം വകുപ്പും മറ്റ് ഏജന്‍സികളുമാണ് ഇതിനുള്ള വസ്തുക്കള്‍ നല്‍കിയത്.

Latest