Connect with us

Education

കാലാവധി നീട്ടല്‍: സര്‍ക്കാര്‍ നിര്‍ദേശം പി എസ് സി തള്ളി

Published

|

Last Updated

***എല്‍ ഡി സി വിജ്ഞാപനം മരവിപ്പിക്കും

***ജൂണ്‍ 30ന് തീരുന്നവ മൂന്ന് മാസത്തേക്ക് നീട്ടും

***എല്‍ ഡി സി യോഗ്യത: സര്‍ക്കാറിനോട് അഭിപ്രായം തേടും

തിരുവനന്തപുരം:

pscനിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷമാക്കി ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ ആവശ്യം പി എസ് സി തള്ളി. എന്നാല്‍, ജൂണ്‍ 30ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകള്‍ മൂന്ന് മാസത്തേക്ക് നീട്ടും. യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉയര്‍ന്ന സാഹചര്യത്തില്‍ എല്‍ ഡി സി വിജ്ഞാപനം മരവിപ്പിക്കും. യോഗ്യത എസ് എസ് എല്‍ സിയില്‍ നിന്ന് പ്ലസ്ടു ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാറിന്റെ അഭിപ്രായം തേടാനും പി എസ് സി യോഗം തീരുമാനിച്ചു. എല്‍ ഡി സിയുടെ യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉയര്‍ന്ന സാഹചര്യത്തിലാണ് പി എസ് സി സര്‍ക്കാറിനോട് അഭിപ്രായം തേടിയത്. എസ് എസ് എല്‍ സി ആയിരുന്നു ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന്റെ അടിസ്ഥാന യോഗ്യത. 2011 ജൂലൈ ഒന്നിന് ചില തസ്തികകളുടെ യോഗ്യത പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയപ്പോള്‍ യോഗ്യത ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തി. എന്നാല്‍, ഇതനുസരിച്ച് സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. ഇതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പത്തിന് കാരണം. യോഗ്യത പ്ലസ്ടു ആയി ഉയര്‍ത്തണമെങ്കില്‍ പി എസ് സിക്ക് പുതുക്കിയ വിജ്ഞാപനം ഇറക്കേണ്ടി വരും.
മെയ് 15ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന പി എസ് സി യോഗം റാങ്ക് ലിസ്റ്റ് നീട്ടേണ്ട സാഹചര്യം എന്തെന്ന് സര്‍ക്കാറിനോട് വിശദീകരണം തേടി. ഇതിന് സര്‍ക്കാര്‍ മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷം വരെയോ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ, ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ ലിസ്റ്റ് നീട്ടണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം. റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടും പലര്‍ക്കും കാലാവധി തീര്‍ന്ന് നിയമനാവസരം നഷ്ടപ്പെടുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷത്തേക്കു ദീര്‍ഘിപ്പിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ മന്ത്രിസഭ ശിപാര്‍ശ ചെയ്തിരുന്നുവെങ്കിലും മൂന്ന് മാസത്തേക്ക് മാത്രമാണ് പി എസ് സി ലിസ്റ്റുകള്‍ ദീര്‍ഘിപ്പിച്ചത്. ഈ കാലാവധി ജൂണ്‍ 30ന് അവസാനിക്കും. ഈ റാങ്ക് ലിസ്റ്റുകള്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടാനാണ് പി എസ് സി യോഗം തീരുമാനിച്ചത്.