വീട്ടിലെ സാഹചര്യവും കാരണമാവുന്നുവെന്ന് പഠനം

Posted on: June 24, 2013 10:00 pm | Last updated: June 24, 2013 at 10:00 pm
SHARE

ദുബൈ

അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന പ്രവണതയെ ഗൗരവത്തോടെ കാണണമെന്ന് പഠനം. മാതാപിതാക്കള്‍ വേര്‍ പിരിഞ്ഞുകഴിയുന്ന കുട്ടികളിലാണ് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്നും മനഃശാസ്ത്ര വിദഗ്ധന്‍.
കുട്ടികള്‍ക്കിടയില്‍ ഇത്തരം അസുഖത്തിന് ചികിത്സ നടത്തുന്നത് കുട്ടിയുടെ മാനസികവും ശരീരികവുമായ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് ഇതേ കുറിച്ച് പഠനം നടത്തിയ ശിശുരോഗ വിദഗ്ധന്‍ ഡോ. ബാരിഅ ദര്‍ദാരി വ്യക്തമാക്കി. ലോകത്താകമാനം അഞ്ച് കോടി കുട്ടികള്‍ ഈ മാനസിക പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നവരാണ്. ഇവരില്‍ 15 മുതല്‍ 20 ശതമാനം വരെ അഞ്ച് വയസ് പ്രയമുള്ളവരാണ്. കുറഞ്ഞ ഐ ക്യൂ, പഠനത്തില്‍ സംഭവിക്കുന്ന പിന്നാക്കാവസ്ഥ, മറ്റ് കുട്ടികളില്‍ നിന്നും ഏല്‍ക്കുന്ന മര്‍ദനങ്ങള്‍, അപകര്‍ഷതാ ബോധം തുടങ്ങിയവയാണ് ഇത്തരമൊരു മാനസിക അവസ്ഥയിലേക്ക് എത്തിക്കുന്ന മറ്റ് ഘടകങ്ങളെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ അസുഖത്തെക്കുറിച്ച് ഒട്ടുമിക്ക രക്ഷിതാക്കളും വേണ്ടത്ര ബോധവാന്‍മാരല്ലെന്നതാണ് വസ്തുത.
ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന പ്രവണതക്ക്് അറുതി വരുത്താന്‍ രാജ്യത്തെ ഒരു കൂട്ടം ആശുപത്രികള്‍ ഡ്രൈ നൈറ്റ്‌സ് എന്ന പേരില്‍ പ്രത്യേക കാമ്പയിനിന് രൂപം നല്‍കിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന പ്രവണതയെക്കുറിച്ച് രക്ഷിതാക്കള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ നീക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പയില്‍ സംഘടിപ്പിക്കുന്നത്.
ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന പ്രവണതക്ക് മതിയായ ചികിത്സയില്ലെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളും കരുതുന്നത്. ഇത് തെറ്റാണെന്ന് മനസ്സിലാക്കികൊടുക്കാനാണ് കാമ്പയിനിലൂടെ ശ്രമിക്കുന്നത്. പല രക്ഷിതാക്കളും മക്കള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കാറുണ്ടെന്ന് മറ്റുള്ളവരോട് പറയാന്‍ നാണിക്കുകയാണ്. ഒരു പ്രായം കഴിഞ്ഞാല്‍ ഈ പ്രവണത മാറുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരും കുറവല്ല. ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കാനുള്ള മടിയാണ് കുട്ടികള്‍ കിടന്നിടത്ത് മൂത്രമൊഴിക്കുന്നതെന്ന് സംശയിക്കുന്ന രക്ഷിതാക്കളും നമുക്കിടയിലുണ്ട്.
കിടക്കയില്‍ മൂത്രമൊഴിക്കുന്ന പ്രവണതക്ക് കൃത്യമായി ഒരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും രാത്രികാലങ്ങളില്‍ കുട്ടികളില്‍ സംഭവിക്കുന്ന മൂത്രത്തിന്റെ വര്‍ധിച്ച ഉല്‍പാദനമാണ് ഇതിന് ഇടയാക്കുന്നതെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികളില്‍ 70 മുതല്‍ 75 ശതമാനം വരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഈ അസുഖം ചികിത്സിച്ച് ഭേദമാക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ കുട്ടികള്‍ സ്വപ്‌നം കണ്ട് നടക്കേണ്ട പ്രായത്തില്‍ ഉത്കണ്ഠക്കും അപകര്‍ഷതാ ബോധത്തിനും അടിപ്പെടുമെന്നും ഡോ. ബാരിഅ പറഞ്ഞു.
മെഡിറ്റേഷനും ചികിത്സയില്‍ നിര്‍ണായകമാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോട് രോഗ വിവരം പറയാനോ ചികിത്സ തേടാനോ ശ്രമിക്കാത്തത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.