നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ഇനി ജൂലൈ 8ന് ചേരും

Posted on: June 24, 2013 2:18 pm | Last updated: June 24, 2013 at 5:57 pm
SHARE

niyamasabha_3_3തിരുവനന്തപുരം: സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് നിയമസഭ തുടര്‍ച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തില്‍ സഭാ സമ്മേളനം രണ്ടാഴ്ച്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചു. ഭരണകക്ഷിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സഭ നിര്‍ത്തിവെക്കാന്‍ സപീക്കര്‍ തീരുമാനിച്ചത്. ധനാഭ്യര്‍ത്ഥനകള്‍ ഒറ്റയടിക്ക് പാസാക്കിയാണ് സഭ പിരിഞ്ഞത്.

സഭ വെട്ടിച്ചുരുക്കുന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം പ്രതിഷേധവുമായി നടത്തളത്തിലിറങ്ങി. സഭക്ക് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു.

സഭയില്‍ അസാധാരണമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ മുഖ്യമന്ത്രിയുടെ വിനീത വിധേയനായി അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മരുമകന്‍ നല്‍കിയ വിവാഹമോചന ഹരജിയില്‍ ഗണ്‍മാനായ സലീം രാജിനെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും എന്നാല്‍ താന്‍ എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ സ്പീക്കര്‍ തയ്യാറായില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വി എസ് പറഞ്ഞു. എല്ലാകാര്യത്തിലും സുതാര്യത അവകാശപ്പെടുന്ന മുഖ്യമന്ത്രി സലീം രാജിന്റെ പേരില്‍ മാത്രമെന്തിനാണ് ദുരൂഹത പുലര്‍ത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.