കാട്ടാനകളുടെ ആക്രമണം; 1500 കുലച്ച വാഴകള്‍ നശിച്ചു

Posted on: June 24, 2013 10:20 am | Last updated: June 24, 2013 at 10:20 am
SHARE

അഗളി: അഗളി പഞ്ചായത്തിലെ കരുവടം ഊരില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ 1500 കുല വാഴകള്‍ നശിച്ചു. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് പിടിയാനയും രണ്ട് കുട്ടിയാനകളും നാട്ടിലിറങ്ങിയത്. കൃഷിയിടങ്ങളില്‍ വിഹരിക്കുന്ന ആനകളെ തുരത്താനുള്ള ആദിവാസികളുടെ ശ്രമം വിഫലമാക്കി രണ്ടാം ദിവസവും കാട്ടാനകളുടെ ആക്രമണം തുടരുകയാണ്.
ഊരിലെ രങ്കന്‍ മാരിയുടെ 1500 മൂപ്പെത്താത്ത വാഴകളാണ് ആനകള്‍ നശിപ്പിച്ചത്. മരുതലിംഗം, നാഗന്‍, പേരി, കക്കി, വിനു, ചന്ദ്രന്‍ എന്നിവരുടെ കൃഷിതോട്ടത്തിലും നാശനഷ്ടമുണ്ടാക്കി. ആനപ്പേടി മൂലം ആദിവാസികള്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്.
കഴിഞ്ഞദിവസം ചിന്നപ്പറമ്പിലും കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. അട്ടപ്പാടി സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ (ആസ്സോ)നടപ്പാക്കുന്ന വാടി പ്രോജക്ട് പരിധിയില്‍പെട്ട ‘ഭാഗമാണ് കരുവട പ്രദേശം. ഇവിടെ രൂക്ഷമായ വന്യമൃഗശല്യം നിലനില്‍ക്കുകയാണെന്നും സര്‍ക്കാര്‍ അടിയന്തര നടപടി കൈകൊള്ളണമെന്നും ആസ്സോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ബിജു മാപ്രാണത്തുകാരന്‍ ആവശ്യപ്പെട്ടു.

ആനയുടെ ആക്രമണത്തില്‍
വൃദ്ധക്ക് ഗുരുതര പരുക്ക്‌

അഗളി: അട്ടപ്പാടിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ വൃദ്ധക്ക് പരുക്ക്. ഷോളയൂര്‍ കന്തസ്വാമി കൗണ്ടറുടെ ‘ഭാര്യ പൂവ്വത്താള്‍(65) ആണ് ആക്രമണത്തിനിരയായത്. വലതുകാലിലും നട്ടെല്ലിനും പരുക്കേറ്റ ഇവരെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടമ്പാറയില്‍ മകളുടെ വീട്ടിലേക്കു വന്നതായിരുന്നു ഇവര്‍. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കുറച്ചുദൂരെയുള്ള തൊഴുത്തിലേക്ക് പശുവിനെ കറക്കാനായി പോകുമ്പോഴാണ് ആനയുടെ മുമ്പിലകപ്പെട്ടത്.
കാട്ടാനയുടെ അലര്‍ച്ചകേട്ട് ആദിവാസികളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ചനിലയില്‍ വൃദ്ധയെ കണ്ടെത്തിയത്.
സംഭവം അറിഞ്ഞ് ഷോളയൂര്‍ ഡെപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തില്‍ വനപാലകരെത്തി ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.