കനാല്‍ കവിഞ്ഞൊഴുകി മൂന്ന് വീടുകളില്‍ വെള്ളം കയറി

Posted on: June 24, 2013 10:18 am | Last updated: June 24, 2013 at 10:18 am
SHARE

വണ്ടിത്താവളം: പട്ടഞ്ചേരിയില്‍ ഇടതുകനാലിന്റെ ബ്രാഞ്ച് കനാല്‍ അടഞ്ഞതുമൂലം വെള്ളം കവിഞ്ഞൊഴുകി. മൂന്ന് വീടുകളിലേക്ക് വെള്ളം കയറിയ നിലയിലാണ്. പീലിയോട് രമേശ്, സുബ്രഹ്മണ്യന്‍, ബാബു എന്നിവരുടെ ഓലപ്പുരക്കു ചുറ്റുമാണ് വെള്ളം കെട്ടിനില്‍ക്കുന്നത്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് വെള്ളം കയറിയത്. ഈ സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ജലവിതരണം നിര്‍ത്തിയശേഷം ഇന്നലെയാണ് പട്ടഞ്ചേരി- തെങ്ങോട് ബ്രാഞ്ച് കനാലില്‍ വെള്ളമിറക്കിയത്.
കനാലില്‍ വെള്ളം നിര്‍ത്തിയ സമയങ്ങളില്‍ സമീപവാസികള്‍ മാലിന്യം നിക്ഷേപിച്ചതുകാരണമാണ് വെള്ളം കരകവിയാനിടയായത്. ചുറ്റും ഉയര്‍ന്ന സ്ഥലമുള്ളതിനാല്‍ വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങാത്ത സാഹചര്യമാണ്. മുന്‍കരുതലെന്നോണം വീടുകളിലുള്ളവരെ സമീപ വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് മാലിന്യനിക്ഷേപം കാരണം കനാല്‍ കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറിയിരുന്നു.