ജനകീയ പ്രതിരോധസമിതികള്‍ രൂപവത്കരിക്കുന്നു

Posted on: June 24, 2013 10:17 am | Last updated: June 24, 2013 at 10:17 am
SHARE

ഒറ്റപ്പാലം: അനധികൃത മണല്‍കടത്ത് തടയുന്നതിന് ജനകീയ പ്രതിരോധസമിതികള്‍ രൂപവത്കരിക്കാന്‍ പോലീസ് തീരുമാനം. വാര്‍ഡുകള്‍ തോറുമാണ് കമ്മിറ്റികള്‍ രൂപവത്കരിക്കുക. പദ്ധതിയുടെ പ്രാരംഭമായി പട്ടാമ്പിയിലാണ് ആദ്യം സമിതി രൂപവത്കരിക്കുന്നത്.
കുലുക്കല്ലൂര്‍, വിളയൂര്‍, തിരുവേഗപ്പുറ, പട്ടാമ്പി, പരുതൂര്‍, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക.— തൂത പുഴയിലും ഭാരതപ്പുഴയിലും വ്യാപകമാകുന്ന മണല്‍കടത്ത് നിയന്ത്രിക്കാന്‍ ഷൊര്‍ണൂര്‍ ഡി വൈ എസ് പി ആര്‍ സുനീഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
പുഴയോര പഞ്ചായത്തുകളിലെ വാര്‍ഡുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ജനകീയ സമിതികള്‍ രൂപവത്കരിക്കുക. കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതികള്‍. വാര്‍ഡ് അംഗമായിരിക്കും സമിതിയുടെ ചെയര്‍മാന്‍.
പോലീസിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം. സമിതിയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കടവുകളില്‍ മണല്‍കടത്ത് തടയലാണ് സമിതിയുടെ ഉത്തരവാദിത്വം.
പട്ടാമ്പി പഞ്ചായത്തിലെ കിഴായൂര്‍, നമ്പ്രം കടവുകളില്‍ സമിതി നിലവില്‍ വന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ സഹായവും പോലീസ് സ്വീകരിക്കും.
എല്ലാ പഞ്ചായത്തുകളിലും സമിതി നിലവില്‍ വരുന്നതോടെ അനധികൃത മണല്‍കടത്തിനെതിരേ നടപടി ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.
തൂതപുഴയിലൂടെ മണല്‍ കടത്ത് സജീവമാണ്. കാലവര്‍ഷമായെങ്കിലും മണലൂറ്റിന് ഇത് തടസ്സമാകുന്നില്ല. മലപ്പുറത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങുന്ന പഴയ വാഹനങ്ങളിലാണ് മണല്‍കടത്തുന്നത്.