നഗരസഭ സ്ഥലം നല്‍കിയില്ല; ആര്‍ട്ട് ഗ്യാലറി വടകരക്ക് നഷ്ടമാകുന്നു

Posted on: June 24, 2013 10:15 am | Last updated: June 24, 2013 at 10:15 am
SHARE

Art Gallery in Annexe(4)വടകര: വടകരയില്‍ ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കാന്‍ സാംസ്‌കാരിക വകുപ്പ് അനുമതി നല്‍കിയെങ്കിലും നഗരസഭ സ്ഥലം നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍ട്ട് ഗ്യാലറി വടകരക്ക് നഷ്ടമാകുന്നു. ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കാന്‍ എം പി ഫണ്ടില്‍ നിന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ 25 ലക്ഷം രൂപയും ഇതിനകം അനുവദിച്ചിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്ത് 12 ആര്‍ട്ട് ഗ്യാലറികളാണുള്ളത്. കാഞ്ഞങ്ങാട് കഴിഞ്ഞാല്‍ കോഴിക്കോട്ടാണ് ഇപ്പോള്‍ ആര്‍ട്ട് ഗ്യാലറിയുള്ളത്.
വടകരയില്‍ ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ വടകരയിലെയും പരിസരപ്രദേശങ്ങളിലുമുള്ള ചിത്രകാരന്മാര്‍ക്ക് ഉപകാരപ്രദമാകും.
വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍ അനുവദിച്ച ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കുന്നത് സംബന്ധിച്ച് കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ്, സെക്രട്ടറി ശ്രീമൂല നഗരം മോഹന്‍ എന്നിവര്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതിയിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി.
ചിത്രകാരന്മാരുടെ വിപുലമായ ക്യാമ്പുകള്‍ വടകരയില്‍ സംഘടിപ്പിച്ച് പ്രാദേശിക കലാകാരന്മാരുടെ ചിത്രങ്ങള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കി ആര്‍ട്ട് ഗ്യാലറിയില്‍ ആദ്യപ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് ലളിതകലാ അക്കാദമി. എന്നാല്‍ വടകരയില്‍ കെട്ടിടം ലഭ്യമാകാത്ത സാഹചര്യത്തില്‍ ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിലാണ് ഗ്യാലറി സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്.