ക്യാന്‍സര്‍ മുക്ത ജീവശാന്തി പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കണം: മന്ത്രി

Posted on: June 24, 2013 10:05 am | Last updated: June 24, 2013 at 10:05 am
SHARE

ap anil kumarരാമനാട്ടുകര: ക്യാന്‍സര്‍ മുക്ത ‘ജീവശാന്തി’ പദ്ധതി കേരളമൊട്ടാകെ വ്യാപിപ്പിക്കേണ്ടതാണെന്നും ക്യാന്‍സറിനെ നേരിടുന്നതിന് ഇത്തരം ശക്തമായ നടപടികളും ജനകീയ കൂട്ടായ്മയും രൂപവത്കരിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്നും ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍.
ക്യാന്‍സര്‍ മുക്ത പഞ്ചായത്തെന്ന ലക്ഷ്യവുമായി രാമനാട്ടുകര ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ‘ജീവശാന്തി’ പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ രോഗം കണ്ടെത്തിയാല്‍ ഭേദമാക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. അതോടൊപ്പം രോഗികള്‍ക്ക് ആത്മവിശ്വാസവും നല്‍കണം.
രാമനാട്ടുകര ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി ഏറെ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹംസക്കോയ അധ്യക്ഷത വഹിച്ചു. ശസ്ത്രക്രിയ സംവിധാനം ഉള്‍പ്പെടെയുള്ള മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഞ്ജീവനി മൊബൈല്‍ ടെലി മെഡിസിന്‍ യൂനിറ്റ് എത്തിയാണ് രോഗികളെ പരിശോധിച്ചത്. രണ്ടാംഘട്ട പരിശോധനാ ക്യാമ്പില്‍ നിന്ന് രോഗസാധ്യതാലക്ഷണമുണ്ടെന്ന് കണ്ടെത്തിയ 140-ഓളം രോഗികളെയാണ് ഇന്നലെ പരിശോധനക്ക് വിധേയരാക്കിയത്.
ക്യാമ്പില്‍ സ്തുത്യര്‍ഹ സേവനം ചെയ്ത ചുങ്കം റെഡ് ക്രസന്റ് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി ഇ എം അബ്ദുല്‍ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം എ ഷിയാലി, മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ഡി കെ പൈ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം പുഷ്പ, ചെയര്‍മാന്‍ എം ബാബുരാജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ പി അബ്ദുസ്സമദ്, ഗോപി കൊടക്കല്ലുപറമ്പ്, വി വി സീനത്ത്, ബ്ലോക്ക് മെമ്പര്‍ പി ആസിഫ്, കെ ചന്ദ്രദാസന്‍, റഷീല്‍ബാബു, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എ ശശികല, പാച്ചിരി സൈതലവി, നിയാസ് ആറ്റുപറം, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പ്രസംഗിച്ചു.