Connect with us

Kozhikode

തോട്ടിലെ വെള്ളമൊഴുകി റോഡ് തകര്‍ന്നു

Published

|

Last Updated

താമരശ്ശേരി: തോട്ടിലെ വെള്ളം റോഡിലൂടെ ഒഴുകി റോഡ് തകര്‍ന്നു. കൊടുവള്ളി പഞ്ചായത്തിലെ മുത്തമ്പലം- നെടിയില്‍കുഴിയില്‍ റോഡാണ് തകര്‍ന്ന് യാത്ര ദുസ്സഹമായത്.
നെടിയില്‍ കുഴിയില്‍ ഭാഗത്ത് വര്‍ഷങ്ങളായി സമീപത്തെ കൈതോട്ടില്‍നിന്നുള്ള വെള്ളം നേരെ എത്തുന്നത് റോഡിലേക്കാണ്. റോഡരികില്‍ ഓവുചാല്‍ ഇല്ലാത്തതിനാല്‍ വെള്ളം റോഡിലൂടെ നൂറ് മീറ്ററോളം പരന്നൊഴുകിയാണ് സമീപത്തെ വയലിലെത്തുന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ഈ ഭാഗത്തെ റോഡ് പൂര്‍ണമായും തകര്‍ന്ന് കാല്‍നട യാത്രപോലും ദുസ്സഹമായിരിക്കുയാണ്.
ടാറിംഗും സോളിംഗും നീങ്ങി ചളിക്കളമായിമാറിയതിനാല്‍ ഇതുവഴിവരുന്ന മിക്ക വാഹനങ്ങളും ചെളിയില്‍ താഴ്ന്നുപോകും. റോഡിലൂടെ വെള്ളം പരന്നൊഴുകുന്നതിനാല്‍ അപരിചിതരാണ് കെണിയില്‍ പെടുന്നതില്‍ കൂടുതലും. തോട്ടില്‍നിന്ന് വെള്ളം റോഡിലേക്ക് ചാടുന്ന ഭാഗത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി ശക്തിയിലുള്ള വെള്ളച്ചാട്ടം കാരണം ഈ ഭാഗത്ത് റോഡിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡ് ഇളകി ഏത് നിമിഷവും വാഹനങ്ങള്‍ റോഡില്‍ താഴ്ന്ന് പോകാനുള്ള സാധ്യത കൂടുതലാണ്. വര്‍ഷങ്ങളായി തോട്ടിലെവെള്ളം റോഡിലൂടെ ഒഴുകി റോഡ് തകരുമ്പോഴും പ്രതികരിക്കാനോ പരിഹാരം കണ്ടെത്താനോ ആളില്ലാത്ത അവസ്ഥയാണ്.

Latest