Connect with us

International

സ്‌നോഡന്‍ ഹോംഗ്‌കോംഗ് വിട്ടു

Published

|

Last Updated

ഹോങ്കോംഗ്: അമേരിക്ക വ്യാപകമായി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട യു എസ് മുന്‍ ഇന്റലിജന്‍സ് ടെക്‌നീഷ്യന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ഹോംഗ്‌കോംഗ് വിട്ടു. പ്രാദേശിക സര്‍ക്കാര്‍ ഇക്കാ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോംഗോംഗ് വിട്ട സ്‌നോഡന്‍ മോസ്‌കോയിലേക്കാണ് അഭയം തേടി പോയതെന്നാണ് കരുതുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഹോംഗോംഗിലെ അധികൃതര്‍ തയ്യാറായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന അധികൃതര്‍ സ്വമേധയാ ആണ് സ്‌നോഡന്‍ ഹോംഗോംഗ് വിട്ടതെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, മോസ്‌കോ അദ്ദേഹത്തിന്റെ അവസാന അഭയകേന്ദ്രമാകില്ലെന്നാണ് സൂചന. ക്യൂബ, ഇക്വഡോര്‍, ഐസ്‌ലാന്‍ഡ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേതെങ്കിലും ഒന്നായിരിക്കും സ്‌നോഡെന്‍ അഭയം തേടാന്‍ തിരഞ്ഞെടുക്കുകയെന്നാണ് സൂചന. സ്‌നോഡന്റെ പേരില്‍ എയ്‌റോഫ്‌ളോട്ട് എയര്‍ലൈനില്‍ മോസ്‌കോയില്‍ നിന്ന് ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് റഷ്യയിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹവാനയില്‍ നിന്ന് വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കസിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌നോഡെന്‍ മോസ്‌കോ വിടുമെന്ന കാര്യം റഷ്യന്‍ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.
സ്‌നോഡനിതിരെ അമേരിക്ക ചാരവൃത്തി ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നു. രാജ്യദ്രോഹ കുറ്റം നടത്തിയ സ്‌നോഡനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌നോഡനെ വിട്ടുകിട്ടാന്‍ ഹോംഗോംഗുമായി സംസാരിക്കുമെന്ന് യു എസ് അറിയിച്ചതിനു പിന്നാലെയാണ് രാജ്യം വിട്ടത്.