Connect with us

Business

ഓഹരി വിപണി മൂന്നാം വാരവും നഷ്ടത്തില്‍; രൂപയുടേത് വന്‍ തളര്‍ച്ച

Published

|

Last Updated

വിപണികളിലേക്ക് എളുപ്പത്തില്‍ പണം ഒഴുക്കുന്ന പദ്ധതി ഈ വര്‍ഷം മന്ദഗതിയിലാക്കുകയും അടുത്ത വര്‍ഷം നിര്‍ത്തലാക്കുകയും ചെയ്യാനുള്ള യു എസ് ഫെഡ് റിസര്‍വിന്റെ നീക്കം ആഗോള ഓഹരി വിപണികളില്‍ ചാഞ്ചാട്ടം ഉളവാക്കി. പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള വിദേശ ഫണ്ടുകളുടെ നീക്കം രൂപയുടെ തളര്‍ച്ച കൂടുതല്‍ രൂക്ഷമാക്കി. അവലോകന വാരം ഡോളറിന് മുന്നില്‍ 59.95 വരെ താഴ്ന്നിറങ്ങി രൂപ പുതിയ റെക്കോര്‍ഡ് കുറിച്ചു. പണപ്പെരുപ്പം രൂക്ഷമായ നിലക്ക് ആര്‍ ബി ഐ വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ നിശ്ചയിച്ചതും വിപണിയുടെ തളര്‍ച്ചക്ക് ആക്കം വര്‍ധിപ്പിച്ചു.
യു എസ് ഫെഡ് റിസര്‍വ് യോഗത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് തിങ്കളാഴ്ച ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ഡോളറിന് മുന്നില്‍ രൂപ അനുദിനം താഴ്ന്നിറങ്ങിയത് നിക്ഷേപകരെ ഉത്കണ്ഠാകുലരാക്കി. ബി എസ് ഇ സെന്‍സെക്‌സ് 404 പോയിന്റ് പ്രതിവാര നഷ്ടത്തില്‍ വാരാവസാനം 18774.24 ല്‍ ക്ലോസ് ചെയ്തു. 140 പോയിന്റ് ഇടിഞ്ഞ നിഫ്റ്റി വാരാവസാനം 5667.65 ലാണ്. മിഡ് കാപ്പ് സൂചിക 2.3 ശതമാനവും സ്‌മോള്‍ കാപ്പ് 0.90 ശതമാനവും ഇടിഞ്ഞു. ആര്‍ ബി ഐ ഇടക്കാല സാമ്പത്തിക അവലോകന യോഗത്തില്‍ റിപ്പോ, കാഷ് റിസര്‍വ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരാന്‍ നിശ്ചയിച്ചതും വിപണിക്ക് വന്‍ തിരിച്ചടിയായി. കരുതല്‍ ധനാനുപാതം 4 ശതമാനത്തിലും റിപ്പോ നിരക്ക് 7.25 ശതമാനത്തിലുമാണ്.
മെയ് മാസം ഇന്ത്യന്‍ വിപണിയില്‍ 22168.60 കോടി രൂപയുടെ നിക്ഷേപം നടത്തിയ വിദേശ ധനകാര്യ ഫണ്ടുകള്‍ ഈ മാസം 5028.70 കോടിയുടെ ഓഹരികള്‍ വിറ്റുമാറി. അവരുടെ കനത്ത വില്‍പ്പനയും രൂപയുടെ തളര്‍ച്ച കൂട്ടി. 27 ന് നിഫ്റ്റി ഫ്യൂച്ചേഴ്‌സില്‍ ജൂണ്‍ സീരീസ് സെറ്റില്‍മെന്റാണ്. ഇതോടനുബന്ധിച്ച റോളോവറുകള്‍ വിപണിയുടെ സമ്മര്‍ദം കൂട്ടാം.
ജിന്‍ഡാല്‍ സ്റ്റീലിനാണ് കഴിഞ്ഞ വാരത്തിലെ തളര്‍ച്ചയില്‍ ഏറ്റവും ശക്തമായ പ്രഹരമേറ്റത്. സ്‌റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ഐ ടി സി, ഗെയില്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച് ഡി എഫ് സി ബേങ്ക്, ഐ സി ഐ സി ഐ ബേങ്ക്, സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍ കനത്ത തോതില്‍ ലാഭമെടുപ്പു നടന്നു. ഇന്‍ഫോസിസ് മുന്നേറി. രൂപയുടെ തളര്‍ച്ചയാണ് ഐ ടി ഓഹരികളുടെ തിളക്കം കൂട്ടിയത്. സിപ്ല, ഭാരതി എയര്‍ ടെല്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവയില്‍ നിക്ഷേപ താത്പര്യം നിലനിന്നു.

Latest