Connect with us

National

ഏഴ് നഗരങ്ങളില്‍ ആകാശ നിരീക്ഷണം

Published

|

Last Updated

ന്യൂഡല്‍ഹി: ഏഴ് പ്രധാന നഗരങ്ങളില്‍ ആകാശ നിരീക്ഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഹെലികോപ്ടറുകളില്‍ കമാന്‍ഡോകളെയും അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളും വെച്ച് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുകയാണ് ലക്ഷ്യം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ നഗരം പദ്ധതി പ്രകാരം ആകാശ നിരീക്ഷണമുണ്ടാകുക.
അത്യാധുനിക ശേഷിയുള്ള ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ച വാഹനങ്ങളും മറ്റ് നിരീക്ഷണ ഉപകരണങ്ങളും ഈ നഗരങ്ങളില്‍ സംവിധാനിക്കും. ഈ നഗരങ്ങളിലെ ക്രമസമാധാന നിലയും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതും പരിഗണിച്ചാണിത്. ഈ ഉപകരണങ്ങളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററിന് ഉടന്‍ കൈമാറും. അതുവഴി അതിക്രമം തടയാനും മറ്റ് അനിവാര്യ നടപടികള്‍ സ്വീകരിക്കാനും സാധിക്കും. ഇവിടങ്ങളില്‍ സി സി ടി വി ശൃംഖല ഒരുക്കും. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രികള്‍, സര്‍വകലാശാലകള്‍, വിദ്യാലയങ്ങള്‍, കോളജുകള്‍, പ്രധാന കവലകള്‍, പ്രധാന റോഡുകള്‍, പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ ഈ ശൃംഖലക്ക് കീഴില്‍ വരും.
സര്‍ക്കാര്‍ മേഖലക്കും സ്വകാര്യ മേഖലക്കും തുല്യ പ്രാധാന്യം നല്‍കിയായിരിക്കും ആകാശ നിരീക്ഷണമുണ്ടാകുക. സി സി ടി വി ശൃംഖല ഒരുക്കാന്‍ സ്വകാര്യ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളോടും വാണിജ്യ പ്രമുഖരോടും നിര്‍ദേശിക്കും. ഇതിലെ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും.
2005- 06ലെ പോലീസ് സേനയുടെ ആധുനികവത്കരണ സമയത്താണ് സുരക്ഷാ നഗര പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചത്. പുതിയ കാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രധാന നഗരങ്ങളിലെ പോലീസിനെ സജ്ജമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. പോലീസ് സേന കാര്യക്ഷമമാകുന്നതിന് സാങ്കേതിക പുരോഗതി കൈവരിക്കേണ്ടത് അനിവാര്യമാണ്. ഒപ്പം മനുഷ്യവിഭവ ശേഷി കരുത്തുറ്റതാക്കണമെന്നും പോലീസിന് നല്‍കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

Latest