ഹെലികോപ്റ്റര്‍ ഇടപാട്: ചോദ്യങ്ങളുയര്‍ത്തി സി എ ജി റിപ്പോര്‍ട്ട്‌

Posted on: June 24, 2013 7:59 am | Last updated: June 24, 2013 at 7:59 am
SHARE

cagന്യൂഡല്‍ഹി: അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് സംബന്ധിച്ച് നിര്‍ണായക ചോദ്യങ്ങളുയര്‍ത്തി സി എ ജി റിപ്പോര്‍ട്ട്. കൊപ്റ്ററുകളുടെ പരീക്ഷണപ്പറക്കല്‍ രാജ്യത്തിന് പുറത്ത് നടത്തിയതിനെ റിപ്പോര്‍ട്ട് ശക്തമായി ചോദ്യം ചെയ്യുന്നു.
3600 കോടി രൂപയുടെ 12 വി വി ഐ പി ഹെലികോപ്ടര്‍ ഇടപാട് സംബന്ധിച്ച് മുന്‍ സി എ ജി വിനോദ് റായ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. നിലവിലെ സി എ ജി ശശികാന്ത് ശര്‍മ ചുമതലയേല്‍ക്കുന്നതിന് ഒരു മാസം മുമ്പ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ കമ്പനിയായ സികോര്‍സ്‌കി, ഇറ്റാലിയന്‍ കമ്പനിയായ അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് എന്നിവയുടെ കോപ്റ്ററുകളുടെ പരിശീലനപ്പറക്കല്‍ രാജ്യത്തിന് പുറത്ത് നടത്തിയതിനെ സി എ ജി വിമര്‍ശിച്ചു. ഹെലികോപ്ടര്‍ വാങ്ങുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും ഇന്ത്യയായതിനാല്‍ ഇവിടെയാണ് പരീക്ഷണപ്പറക്കല്‍ നടക്കേണ്ടതെന്നാണ് സി എ ജി നിലപാട്. കൂടാതെ, പ്രതിരോധ മന്ത്രാലയം രണ്ട് തവണ ഇത് വിസമ്മതിച്ചതാണെന്നും സി എ ജി ചൂണ്ടിക്കാട്ടുന്നു.
വിദേശ രാഷ്ട്രങ്ങളില്‍ പരീക്ഷണപ്പറക്കല്‍ നടത്തണമെന്ന് കാണിച്ച് ഇന്ത്യന്‍ വ്യോമസേന സമര്‍പ്പിച്ച ഫയല്‍ അന്നത്തെ പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ സംഭരണ ബോര്‍ഡ് തിരിച്ചയച്ചിരുന്നു. എന്നാല്‍, വ്യോമസേന നിലപാടില്‍ ഉറച്ചുനിന്നു. പ്രതിരോധ മന്ത്രി എ കെ ആന്റണി ആദ്യം വിസമ്മതിച്ചിരുന്നെങ്കിലും വ്യോമസേനയുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് സമ്മതം നല്‍കുകയായിരുന്നു. അഗുസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ പറക്കല്‍ 2008 ജനുവരിയില്‍ ബ്രിട്ടനിലും സികോര്‍സ്‌കിയുടെത് ആ വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്കയിലുമാണ് നടത്തിയത്.
വി വി ഐ പി ഹെലികോപ്ടറുകളുടെ എണ്ണം എട്ടില്‍ നിന്ന് പന്ത്രണ്ടാക്കിയതിനെ അന്നത്തെ പ്രതിരോധ മന്ത്രി പ്രണാബ് മുഖര്‍ജി ചോദ്യം ചെയ്തതും സി എ ജി എടുത്തുപറയുന്നു. എന്നാല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്റെ ശിപാര്‍ശയില്‍ പ്രണാബ് വഴങ്ങുകയായിരുന്നു.