Connect with us

National

ഇശ്‌റത്ത് വധം: ഐ ബി ഉദ്യോഗസ്ഥന്റെ പങ്ക് തെളിഞ്ഞു

Published

|

Last Updated

അഹമ്മദാബാദ്: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാറിന്റെ പങ്ക് തെളിഞ്ഞെന്ന് സി ബി ഐ. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസുകാരന്റെ മൊഴി രജീന്ദര്‍ കുമാറിന് എതിരെയുള്ളതാണെന്നും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് നിയമോപദേശം തേടുമെന്നും സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
ജൂലൈ നാലിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രാവശ്യം രജീന്ദര്‍ കുമാറിനെ ചോദ്യം ചെയ്തിരുന്നു. രണ്ടാമത്ത തവണ ചോദ്യം ചെയ്തപ്പോള്‍, രജീന്ദര്‍ കുമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്ത് കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥനായ സതീഷ് വര്‍മയെ മാറ്റിനിര്‍ത്തിയിരുന്നു.
മണിപ്പൂര്‍, ത്രിപുര കേഡറില്‍ 1979 ബാച്ച് ഐ പി എസ് ഓഫീസറാണ് രജീന്ദര്‍ കുമാര്‍. 2001-05 കാലയളവില്‍ ഗുജറാത്ത് ഇന്റലിജന്റ്‌സ് ബ്യൂറോയുടെ ചുമതല രജീന്ദറിനായിരുന്നു. ഇശ്‌റത്തിനെയും ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്താന്‍ ആയുധങ്ങള്‍ നല്‍കിയത് ഇയാള്‍ ആണെന്നാണ് പ്രധാന ആരോപണം.
2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം നരേന്ദ്ര മോഡിക്ക് ലശ്കറെ ത്വയ്യിബയില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്റലിജന്‍സ് ബ്യൂറോ 2004ല്‍ സംസ്ഥാന ക്രൈം ബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച അന്വേഷണത്തിനിടെയുണ്ടായ വ്യാജ ഏറ്റുമുട്ടലിലാണ് ഇശ്‌റത്ത് ജഹാനും കൂട്ടരും കൊല്ലപ്പെട്ടത്.

Latest