തീര്‍ഥാടകരെ സഹായിക്കാന്‍ രംഗത്തിറങ്ങുക: കാന്തപുരം

Posted on: June 24, 2013 7:52 am | Last updated: June 24, 2013 at 7:52 am
SHARE

kanthapuram 2കോഴിക്കോട്: കാലവര്‍ഷവുമായി ബന്ധപ്പെട്ട ദുരിതത്തിലും പ്രളയത്തിലും അകപ്പെട്ട തീര്‍ഥാടകര്‍ക്ക് തിരികെ നാട്ടിലെത്താനുള്ള സാങ്കേതിക , സാമ്പത്തിക സഹായം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. പ്രളയം രൂക്ഷമായി ബാധിക്കുകയും തീര്‍ഥാടകരടക്കം ആയിരക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത ഉത്തരാഖണ്ഡില്‍ കേന്ദ്ര സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണം. കനത്ത മഴയിലും തുടര്‍ന്നുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളിലും നിരവധി കുടുംബങ്ങള്‍ മിക്ക സംസ്ഥാനത്തും ദുരിതത്തിലാണ്. വീടും കൃഷിയിടവും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ സാമ്പത്തിക സഹായവും പുനരധിവാസവും സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തണമെന്നും ദുരിതബാധിതര്‍ക്ക് മതിയായ സഹായമെത്തിക്കാന്‍ സംഘടനാ പ്രവര്‍ത്തകരും സാമൂഹിക സേവകരും മുന്നിട്ടിറങ്ങണമെന്നും കാന്തപുരം പറഞ്ഞു. കാലവര്‍ഷം വന്‍പ്രകൃതി ദുരന്തമാകാതിരിക്കാനും നാശനഷ്ടം രൂക്ഷമായി ജീവിതത്തെ ബാധിക്കാതിരിക്കാനും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.