ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്‌

Posted on: June 24, 2013 6:00 am | Last updated: June 24, 2013 at 9:52 pm
SHARE

icc champions league winners

ബിര്‍മിംഗ്ഹാം: അവസാന ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയിലേക്ക്. ചാമ്പ്യന്‍സ് ട്രോഫിയുടെ അവസാന എഡിഷനില്‍ ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. ഇന്ത്യയുടെ രണ്ടാം ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129. ഇംഗ്ലണ്ട് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124.
മഴ ഭൂരിഭാഗം സമയം കവര്‍ന്നപ്പോള്‍ മത്സരം 20 ഓവറിലേക്ക് വെട്ടിച്ചുരുക്കിയിരുന്നു. ടോസ് നേടി ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിംഗിനയച്ചു. അലക്ഷ്യമായ ഷോട്ടുകളിലൂടെ ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. 34 പന്തില്‍ 43 റണ്‍സെടുത്ത കോഹ്‌ലിയാണ് ടോപ്പ് സ്‌കോറര്‍. 25 പന്തില്‍ രവീന്ദ്ര ജഡേജ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ധവാന്‍ 24 പന്തില്‍ 31 എടുത്തു.
130 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന് മുന്‍നിരക്കാരുടെ പരാജയം വെട്ടിലാക്കി. എന്നാല്‍ മോര്‍ഗനും ബൊപ്പാരയും ചേര്‍ന്ന് പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിച്ചതോടെ ഇംഗ്ലണ്ട് വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ 18ാം ഓവറില്‍ ഇഷാന്ത് ശര്‍മ്മ ഇരുവരെയും പുറത്താക്കിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. മോര്‍ഗന്‍ 33ഉം ബൊപ്പാര 30ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ജഡേജ, അശ്വിന്‍, ഇഷാന്ത് ശര്‍മ്മ രണ്ട് വിക്കറ്റെടുത്തു.