Connect with us

Kerala

കേരളത്തിലെ ആത്മഹത്യകളുടെ മുഖ്യകാരണം കുടുംബ പ്രശ്‌നങ്ങളെന്ന് പഠനം

Published

|

Last Updated

തിരുവനന്തപുരം : ആത്മഹത്യാ നിരക്കില്‍ സംസ്ഥാനം മൂന്നാം സ്ഥാനത്തു നില്‍ക്കേ, ഭൂരിഭാഗം ആത്മഹത്യകള്‍ക്കും കാരണം കുടുംബപ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്. 3,743 പേരാണ് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്. ആകെയുള്ള ആത്മഹത്യാ നിരക്കിന്റെ 44 ശതമാനമാണിത്. 8,490 പേരാണ് കഴിഞ്ഞ വര്‍ഷം ആകെ ആത്മഹത്യ ചെയ്തതെന്നാണ് ദേശീയ ക്രൈം ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സിക്കിമാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. രണ്ടാം സ്ഥാനം തമിഴ്‌നാടിനാണ്. സംസ്ഥാനത്ത് നടപ്പാക്കി വരുന്ന കുടുംബക്ഷേമ പദ്ധതികളും കൗണ്‍സിലിംഗുകളൊന്നും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നാണ് കുടുംബ പ്രശ്‌നങ്ങളെ ചൊല്ലിയുള്ള ആത്മഹത്യകള്‍ തുറന്നുകാട്ടുന്നത്. അതേസമയം കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മുഴുവന്‍ പേരും ആത്മഹത്യ ചെയ്ത സംഭവങ്ങളും ഒട്ടേറെയുണ്ട്.
12 സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 12 കുടുംബങ്ങളിലായി 28 ജീവനുകളാണ് ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത്. ആകെ ആത്മഹത്യാ നിരക്കിന്റെ 75.3 ശതമാനവും വിവാഹിതരാണെന്നതും ശ്രദ്ധേയമാണ്. വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയില്‍ കലാശിച്ചിരിക്കുന്നത്. ആത്മഹത്യാ നിരക്കില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കൊല്ലമാണ്. 2011ല്‍ കൊല്ലമായിരുന്നു ഒന്നാം സ്ഥാനത്ത്.
കുടുംബ പ്രശ്‌നങ്ങള്‍ക്കു പുറമെ രോഗങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരും ഒട്ടേറെയുണ്ട്. ആകെ ആത്മഹത്യകളുടെ 26. 3 ശതമാനം, അതായത് 3,323 പേരാണ് ഇത്തരത്തില്‍ വിവിധ രോഗങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്നും പ്രിയപ്പെട്ടവര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നും ജീവന്‍ വെടിഞ്ഞത്. 30നും 34 നും ഇടക്ക് പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും. ഈ പ്രായപരിധിയിലുള്ള 2,791 പേരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യകളില്‍ ഏറിയ പങ്കും തൂങ്ങിമരണമാണ്. 5,629 പേ രാണ് തൂങ്ങിമരിച്ചത്. ആകെ മരണ നിരക്കിന്റെ 66.3 ശതമാനമാണിത്.
സ്ത്രീകളേക്കാള്‍ പുരഷന്മാരാണ് ആത്മഹത്യ ചെയ്തവരില്‍ കൂടൂതല്‍. ആകെ ആത്മഹത്യ ചെയ്ത 8,490 പേരില്‍ 6,409 പേരും പുരുഷന്മാരാണ്. ഏറ്റവും കുറവ് ആത്മഹത്യാ നിരക്ക് ബീഹാറിലാണ്. സംസ്ഥാനത്ത് ദിവസവും നൂറോളം പേര്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 25 ഓളം പേരാണ് മരിക്കുന്നത്. മൊത്തം കണക്കെടുത്താല്‍ 1,35,445 പേരാണ് രാജ്യത്താകെ ആത്മഹത്യ ചെയ്തത്. രാജ്യത്ത് ഓരോ മണിക്കൂറിലും 15 പേര്‍ ആത്മഹത്യ ചെയ്യുന്നതായി ദേശീയ ക്രൈം ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തം കണക്കെടുത്താലും ആത്മഹത്യകളുടെ പ്രധാന കാരണം കുടുംബ പ്രശ്‌നങ്ങള്‍ തന്നെയാണ്.

Latest