വിദേശ മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം 56 ശതമാനം കുറഞ്ഞു

Posted on: June 24, 2013 12:26 am | Last updated: June 24, 2013 at 12:26 am
SHARE

rupeeതിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം വന്‍ തോതില്‍ കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. 2011-12 സാമ്പത്തിക വര്‍ഷം വിദേശ മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം 25 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ 2012-13 വര്‍ഷത്തില്‍ ഇത് 14 ശതമാനം മാത്രമാണ്. പ്രതീക്ഷിച്ചതില്‍ ഏറ്റവും കുറച്ചു തുക ലഭിച്ചത് വൈദ്യുതി വകുപ്പില്‍ നിന്നാണ്. വിദ്യുച്ഛക്തിയിന്മേലുള്ള നികുതികളും തീരുവകളുമായി 250 കോടി ലക്ഷ്യമിട്ടപ്പോള്‍ ഈ ഇനത്തില്‍ ലഭിച്ചത് 24.71 കോടി രൂപയാണ്.
സാധാരണ ഗതിയില്‍ ലക്ഷ്യതുകയേക്കാള്‍ കൂടുതല്‍ പിരിച്ചെടുക്കുന്ന വിദേശ മദ്യനികുതി വരുമാനം ഇത്തവണ ലക്ഷ്യതുകയില്‍പോലും എത്തിയില്ല. വിദേശ മദ്യമുള്‍പ്പെടെയുള്ള എക്‌സൈസ് വകുപ്പില്‍ നിന്ന് നികുതി വരുമാനമായി ലക്ഷ്യമിട്ടിരുന്ന 2550.65 കോടിയില്‍ പിരിഞ്ഞുകിട്ടിയത് 2313.95 കോടി മാത്രമാണ്. അതേസമയം കാര്‍ഷികാദായ നികുതിയിനത്തിലും വാഹന നികുതിയിനത്തിലും ലക്ഷ്യ തുകയേക്കാള്‍ കൂടുതല്‍ പിരിച്ചെടുത്തു. 15.97 ലക്ഷ്യമിട്ട കാര്‍ഷികാദായ നികുതിയിനത്തില്‍ 18.92 കോടിയും, 1694.49 കോടി ലക്ഷ്യമിട്ടിരുന്ന വാഹനനികുതിയിനത്തില്‍ 1924.62 കോടിയും പിരിച്ചെടുത്തിട്ടുണ്ട്.
നികുതി വരുമാനമായി 2012-13 വര്‍ഷം ലക്ഷ്യമിട്ടിരുന്ന 32,122.21 കോടി രൂപയില്‍ 30076.67 കോടിയാണ് പിരിച്ചെടുത്തത്. പതിവ് പോലെ മുന്‍വര്‍ഷത്തെ നികുതിവരുമാനത്തിന്റെ 20.57ശതമാനം കൂടുതല്‍ പ്രതീക്ഷിച്ചാണ് കഴിഞ്ഞ വര്‍ഷത്തേയും ലക്ഷ്യത്തുക തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ 17 ശതമാനമേ പിരിച്ചെടുക്കാനായുള്ളൂ. വിദേശമദ്യത്തില്‍ നിന്നുള്ള വരുമാനവും പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ നിന്നുള്ള വരുമാനവും കുറഞ്ഞതും നികുതി വരുമാനം കുറയാനിടയാക്കി. ചില വസ്തുക്കളുടെ നികുതി നാല് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി കുറച്ചതും വരുമാനം കുറക്കാനിടയാക്കി. അതേസമയം ചില വസ്തുക്കളുടെ നികുതി വര്‍ധിപ്പിച്ച വകയില്‍ വരുമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നികുതി വരുമാനത്തില്‍ ഇത് പ്രകടമായിട്ടില്ല. പ്രധാന കാര്‍ഷിക ഉത്പന്നങ്ങളായ റബ്ബര്‍, ഏലം, കുരുമുളക് എന്നിവയുടെ വിലയിടിവും നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വര്‍ധിച്ച വിലയുടെ അധിക നികുതി ചില സമയങ്ങളില്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് ഈ ഇനത്തില്‍ 36.58 കോടി രൂപ മാത്രമാണ് വരുമാനം ലഭിച്ചത്. ചെക്ക്‌പോസ്റ്റുകള്‍ക്ക് പ്രത്യേകം ലക്ഷ്യത്തുക നല്‍കിയിട്ടില്ലെങ്കിലും സംസ്ഥാനത്താകെ 31 താത്കാലിക ചെക്ക്‌പോസ്റ്റുകള്‍ ഉള്‍പ്പെടെ 74 ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് 924.15 കോടി പിരിഞ്ഞു കിട്ടിയിട്ടുണ്ട്. 2012 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം വാണിജ്യ നികുതി വകുപ്പിലേക്ക് കുടിശ്ശികയായി 5,458.64 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്.
എന്നാല്‍ പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി പുതിയ ആംനെസ്റ്റി സ്‌കീം പ്രകാരം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് നികുതി വരുമാനത്തില്‍ പ്രതിഫലിക്കാന്‍ സമയമെടുക്കും. പദ്ധതിയുടെ ഭാഗമായ നികുതി വലയത്തില്‍ ഉള്‍പ്പെടാത്തെ വ്യാപാരികളെ അതിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.