അട്ടപ്പാടി ശിശുമരണം; വിശദമായ അന്വേഷണത്തിന് എസ് സി, എസ് ടി കമ്മീഷന്‍

Posted on: June 24, 2013 12:17 am | Last updated: June 24, 2013 at 12:17 am
SHARE

attappadiതിരുവനന്തപുരം: അട്ടപ്പാടിയിലെ ഗര്‍ഭസ്ഥ ശിശുക്കളുടെ മരണകാരണത്തെക്കുറിച്ച് എസ് സി എസ് ടി കമ്മീഷന്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിനു കൈമാറും. ജില്ലാ ഓഫീസര്‍മാരില്‍നിന്ന് എസ് സി/എസ് ടി കമ്മീഷന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. 18 ആദിവാസി സെറ്റില്‍മെന്റുകളിലായി 26 കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്. പോഷകാഹാര കുറവും മറ്റു രോഗങ്ങള്‍ ബാധിച്ചതുമാണ് മരണകാരണങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പാലക്കാട് കലക്ടര്‍ തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ അടപ്പാടിയില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങളുടെ 18 പ്രധാന കാരണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പോഷകാഹാര കുറവ് മൂലം കുട്ടികള്‍ മരിച്ചതിന്റെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനും ഒരു മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസികളില്‍ നിന്ന് അഭിപ്രായങ്ങള്‍ കേട്ട ശേഷമായിരിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക.
ഇതിന്റെ ഭാഗമായി അഗളിയിലെ കമ്മ്യൂനിറ്റി സെന്ററില്‍ ഈ മാസം 27 മുതല്‍ മൂന്ന് ദിവസങ്ങളിലായി പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങള്‍ സെറ്റില്‍മെന്റുകള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കും. കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തെളിവുകള്‍ ശേഖരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും സമര്‍പ്പിക്കും. കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തുകളില്‍ ഇതിനകം 120 ഓളം പരാതികള്‍ക്ക് പരിഹാരമുണ്ടാക്കിയിട്ടുണ്ട്. അടുത്ത അദാലത്തിലേക്കും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.