വിവാഹപ്രായം: ലീഗിന്റെ കുതന്ത്രമെന്ന് ബി ജെ പി

Posted on: June 24, 2013 12:14 am | Last updated: June 24, 2013 at 12:14 am
SHARE

v muralidaranകോഴിക്കോട്: സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി ഉത്തരവിറക്കിയതിന് പിന്നില്‍ മുസ്‌ലിം ലീഗിന്റെ കുതന്ത്രമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. രാജ്യത്തെ ഭരണഘടനാ വ്യവസ്ഥകളെ തകിടം മറിക്കുന്ന നിയമം രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കാനുള്ള മുസ്‌ലിം ലീഗിന്റെ അജന്‍ഡയുടെ ഭാഗമാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഒരു മതത്തിന് വേണ്ടി മാത്രം ഒരു നിയമം സൃഷ്ടിക്കുന്നതിലൂടെ രാജ്യത്തെ അഖണ്ഡതയെ ചോദ്യം ചെയ്തുകൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് മുസ്‌ലിം ലീഗ് തുടരുന്നത്. ഇതിലൂടെ ഭരണത്തില്‍ ലീഗിന്റെ അപ്രമാദം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. 1976ല്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് വിവാഹ പ്രായത്തില്‍ സ്ത്രീപുരുഷ അനുപാതം 18-21 ആണ്. ഈ നിയമത്തിലെ അപാകങ്ങള്‍ പരിഹരിക്കാനാണ് 2006ല്‍ ശൈശവ വിവാഹ നിരോധ നിയമം കൊണ്ടുവന്നത്. ഈ നിയമങ്ങളെല്ലാം ലംഘിച്ചാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കുന്നത്.
വിവാഹം കഴിഞ്ഞവരുടെ വിവാഹത്തിന് നിയമസാധുത ലഭിക്കാനാണ് സര്‍ക്കുലര്‍ ഇറക്കുന്നതെന്നാണ് തദ്ദേശ വകുപ്പ് പറയുന്നത്. ഇത് സാധാരണക്കാരെ പറ്റിക്കാന്‍ വേണ്ടിയാണ്. നിയമം അറിയുന്നവര്‍ക്ക് ഇത് വിശ്വസിക്കാനാകില്ല. സാമൂഹിക വ്യവസ്ഥയില്‍ ഒരു തരം നീതിയാണ് ഭരണഘടന്യൂവിഭാവനം ചെയ്യുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ രണ്ട് തരം നീതിയും നിയമവും നടപ്പാക്കാനാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മുസ്‌ലിം ലീഗ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണ്. സര്‍ക്കാറിന്റെ സൗരോര്‍ജ നയം പൊതുഖജനാവ് കൊള്ളയടിക്കാനുള്ള തന്ത്രമാണ്. ഇത് നടപ്പിലായിരുന്നെങ്കില്‍ ആയിരക്കണക്കിന് കോടികളായിരുന്നു ഖജനാവിന് നഷ്ടപ്പെടുക. സൗരോര്‍ജ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കെ ഓന്നോ രണ്ടോ ഉദ്യോഗസ്ഥരെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് സ്വയം രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് വരുന്ന മലയാളികളെ രക്ഷപ്പെടുത്താന്‍ പോലും സര്‍ക്കാറിന് കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ സുരക്ഷ എങ്ങനെയാണ് മുഖ്യമന്ത്രി ഉറപ്പ് വരുത്തുക. ഇന്ദിര ആവാസ് യോജന പദ്ധതിയുടെ ആനുകൂല്യം 47 ശതമാനം നീക്കിവെച്ചിരിക്കുന്നത് ന്യൂനപക്ഷ സമുദായത്തിനാണ്. പട്ടികവര്‍ഗത്തേക്കാള്‍ ജീവിത സാഹചര്യം കുറഞ്ഞത് മുസ്‌ലിം സമുദായം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കാണെന്ന് സച്ചാര്‍ കമ്മീഷനോ പാലോളി കമ്മീഷനോ വെളിപ്പെടുത്തിയിട്ടില്ലെന്നിരിക്കെ ന്യൂനപക്ഷപ്രീണനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡണ്ട് പി രഘുനാഥ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി വി വി രാജന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, ചന്ദ്രികാ ടീച്ചര്‍ സംസാരിച്ചു.