ആ അട്ടിമറിക്കാരെ പുറത്തുകൊണ്ടുവരണം

Posted on: June 24, 2013 6:00 am | Last updated: June 23, 2013 at 9:39 pm
SHARE

siraj copyസംസ്ഥാനത്ത് ജീവന്‍രക്ഷാ ഔഷധങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഏക പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ്‌ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ മരുന്ന് നിര്‍മാണത്തിനിടയില്‍ കൃത്രിമം നടന്നുവെന്ന വാര്‍ത്ത പൊതുജനാരോഗ്യകാര്യത്തില്‍ ശുഷ്‌കാന്തി പുലര്‍ത്തുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടലുളവാക്കുന്നതാണ്. അന്യസംസ്ഥാനങ്ങളിലേക്കുള്‍പ്പെടെ ജീവന്‍ രക്ഷാമരുന്നുകള്‍ നിര്‍മിച്ചു നല്‍കുന്ന കെ എസ് ഡി പി എല്‍ നിര്‍മിച്ച മരുന്നില്‍ കൃത്രിമം ശ്രദ്ധയില്‍ പെടുകയും ഇത് അട്ടിമറി ശ്രമമാണെന്ന സംശയം ബലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇതേ കുറിച്ചന്വേഷിക്കാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചത്. അസിത്രോമൈസിന്‍ ഗുളികകള്‍ക്കൊപ്പം മറ്റൊരു മരുന്ന് കലര്‍ത്തി അട്ടിമറിനീക്കം നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. കലര്‍ത്തിയ ഗുളിക ഏതാണെന്നും ഇതിന്റെ ദൂഷ്യഫലം എന്താണെന്നും അന്വേഷണത്തിലേ വ്യക്തമാകുകയുള്ളൂ. അസിത്രോമൈസിന്‍ 500 എം ജി ഗുളികയുടെ ഡി സി 3009 ബാച്ച് നിര്‍മാണത്തിനിടയില്‍ ഈ ഗുളികയുടെ പാക്കറ്റിലേക്ക് മറ്റൊരു ഗുളിക തിരുകിവെക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അട്ടിമറി നീക്കം അറിഞ്ഞത്. വിശദമായ പരിശോധനയില്‍ നേരത്തെ നിര്‍മിച്ച് മറ്റൊരു യൂനിറ്റില്‍ മാറ്റിവെച്ച ഗുളികകളാണ് ഇതോടൊപ്പം തിരുകിക്കയററാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയിട്ടുമുണ്ട്. 

1974ല്‍ സ്ഥാപിതമായ കെ എസ് ഡി പി എല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നുകള്‍ നിര്‍മിച്ചു നല്‍കി വരികയാണ്. സുഖപ്പെടുത്തുന്ന ഗുണമേന്മ എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് ഔഷധ നിര്‍മാണ രംഗത്ത് പുരോഗതിയുടെ പാതയിലാണ് കമ്പനി. കേരള മെഡിക്കല്‍ കോര്‍പറേഷന് മാത്രം മരുന്ന് നിര്‍മിച്ചു നല്‍കിയിരുന്ന കെ എസ് ഡി പി എല്ലിന് ഈയിടെ മററു സംസ്ഥാനങ്ങളുടെയും കോടികളുടെ മരുന്ന് നിര്‍മാണ കരാര്‍ സമ്പാദിക്കാന്‍ കഴിഞ്ഞത് സ്ഥാപനത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവലാണ്. അയല്‍ സംസ്ഥാനമായ ആന്ധ്രയില്‍ നിന്ന് മാത്രം കമ്പനിക്ക് 3.75 കോടിയുടെ മരുന്നിന് ഓര്‍ഡര്‍ ലഭിച്ചിരുന്നു.
മരുന്ന് നിര്‍മാണ രംഗത്തുള്ള ചില കുത്തക കമ്പനികളുടെ കരങ്ങളാണ് ആരോഗ്യ മേഖലയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഈ അട്ടിമറിക്ക് പിന്നിലെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ ചില സര്‍ക്കാര്‍ ആശുപത്രികള്‍ കെ എസ് ഡി പി എല്ലില്‍ ഉത്പാദിപ്പിച്ച ഗുളികകള്‍ പ്രിസ്‌ക്രൈബ് ചെയ്യാത്തതിനാല്‍ നിര്‍മാണ ശാലയില്‍ തന്നെ കെട്ടിക്കിടക്കുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. പുറത്തുനിന്ന് മരുന്നുകള്‍ വാങ്ങുമ്പോള്‍ കമ്മീഷന്‍ ഇനത്തില്‍ അടിച്ചെടുക്കാവുന്ന തുകയില്‍ കണ്ണുനട്ടാണ് കേരള കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകള്‍ വിതരണത്തിനെത്തിക്കാത്തതെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ മരുന്ന് ലോബി തന്നെയാണ് തദ്ദേശീയ നിര്‍മിത മരുന്നുകള്‍ ഉപയോഗ്യ ശൂന്യമായി കെട്ടിക്കിടക്കുന്ന വിവരം മാലോകരെ അറിയിക്കുന്നതെന്നതും ഈ അട്ടിമറിയുടെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. വിദേശ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് വേണ്ടിയുള്ള ലോബി സംസ്ഥാനത്ത് ഗൂഢമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നത് ഈ മേഖലയിലെ ഏറെക്കാലത്തെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്.
മരുന്ന് കൂട്ടിക്കലര്‍ത്തുക വഴി ഗുണനിലവാരം കുറയുകയോ ഗുരുതരമായ പ്രത്യാഘാതം നേരിടുകയോ ചെയ്താല്‍ കെ എസ് ഡി പി എല്ലിനെ ഇത് ഗുരുതരമായി ബാധിക്കുമെന്നും അന്യസംസ്ഥാനങ്ങള്‍ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മരുന്ന് നിര്‍മാണ കമ്പനിയെ കൈയൊഴിയുമെന്നുമുള്ള വ്യക്തമായ കണക്കുകൂട്ടലിലാണ് ഇത്തരമൊരു അട്ടിമറി നടന്നതെന്ന സംശയം ന്യായമായും ഉയരുന്നുണ്ട്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാവുന്നതോടെ മാത്രമെ ഇത്തരം ആശങ്കക്ള്‍ ദൂരീകരിക്കപ്പെടുകയുള്ളൂ.
മനുഷ്യനില്‍ പരീക്ഷണ വസ്തുവിനെ കാണുന്ന മരുന്ന് നിര്‍മാണ കമ്പനികള്‍ തന്നെ അവനെ നിത്യരോഗിയാക്കാനും മരുന്നിനടിമയാക്കാനുമുള്ള ഒഷധങ്ങള്‍ തന്നെ വിപണിയിലിറക്കി ലാഭം കൊയ്യുന്ന സ്ഥിതി വിശേഷമാണുള്ളത്. ഇന്ത്യയെ പോലുള്ള മൂന്നാംകിട രാജ്യങ്ങളെയാണ് ആഗോള മരുന്ന് കുത്തകകള്‍ ഈ ഗൂഢ വിപണന തന്ത്രത്തിന് ആയുധമാക്കുന്നത്. ഇത്തരം കുത്തകകളുടെ പിണിയാളുകളാണ് മരുന്ന് നിര്‍മാണ മേഖലയില്‍ അധീശത്വം അരക്കിട്ടുറപ്പിക്കാന്‍ ക്രൂരവും നിന്ദ്യവുമായ അട്ടിമറികള്‍ ആസൂത്രണം ചെയ്യുന്നതും കെ എസ് ഡി പി എല്ലിലെ മരുന്ന് നിര്‍മാണത്തിലെ അട്ടിമറി സംബന്ധിച്ച നിഗൂഢതകള്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് അതീവ ജാഗ്രതയാണാവശ്യം. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടാവാതിരിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള നടപടികളും കൈക്കൊള്ളണം. കുററവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും നടപടികളുണ്ടാവണം.