Connect with us

Gulf

സഊദിയില്‍ പ്രതിവാര അവധി ഇനി വെള്ളിയും ശനിയും

Published

|

Last Updated

റിയാദ്: സഊദി അറേബ്യയില്‍ പ്രതിവാര അവധി വെള്ളിയും ശനിയുമാക്കി ഉത്തരവിറങ്ങി. ഇതോടെ ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങള്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാകും. നിലവില്‍ ഇത് ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയാണ്. വ്യാഴവും വെള്ളിയുമായിരുന്നു അവധി. സഊദി ഭരണാധികാരി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ആണ് പ്രത്യേക ഉത്തരവിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂണ്‍ 29 മുതല്‍ സഊദി സ്‌റ്റോക്ക് എക്‌ചേഞ്ച്, സഊദി സെന്‍ട്രല്‍ ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ ഉത്തരവ് പ്രകാരമായിരിക്കു പ്രവര്‍ത്തിക്കുക.

കടുത്ത പ്രതിഷേധങ്ങളെ മറികടന്നാണ് സഊദി രാജാവിന്റെ തീരുമാനം. സഊദി അറേബ്യ പാശ്ചാത്ത്യരാജ്യങ്ങളുടെ പിന്നാലെ പോകുകയാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ജൂതന്മാരെയും ക്രൈസ്തവരെയും അനുകരിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ സഊദി ചെയ്യന്നതെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. 2007ല്‍ ഈ വിഷയം രാജാവിന്റെ ഷൂറ ഉപദേശക സമിതി പരിഗണിച്ചിരുന്നുവെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

അതേസമയം, സഊദിയിലെ വ്യവസായികളും ബിസിനസുകാരും തീരുമാനത്തെ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമൂഹവുമായുള്ള ഇടപാടുകളില്‍ വേഗത കൈവരിക്കാന്‍ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വ്യാപാര ലോകത്തിന്റെ വിലയിരുത്തല്‍. അവധി മാറ്റിയത് സഊദി സാമ്പത്തിക മേഖലക്ക് ഉണര്‍വ് പകരുമെന്ന് സഊദി അടിസ്ഥാന വ്യവസായ കോര്‍പ്പറേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ അല്‍ ഉബൈദ് പറഞ്ഞു.

നേരത്തെ ഒമാന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ പ്രതിവാര അവധി പുനക്രമീകരിച്ചിരുന്നു. സഊദി കൂടി അവധി മാറ്റിയതോടെ ആറ് രാഷ്ട്രങ്ങള്‍ അംഗങ്ങളായ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ മുഴുവന്‍ അംഗരാജ്യങ്ങളിലും അവധി ഒരേ രൂപത്തിലായി.

Latest