അല്‍ ഐനില്‍ വന്‍ അഗ്നിബാധ

Posted on: June 23, 2013 7:57 pm | Last updated: June 23, 2013 at 7:57 pm
SHARE

fireഅല്‍ ഐന്‍: സനാഇയ്യ തഖ് വ മസ്ജിദിനു സമീപം വന്‍ തീപിടുത്തം. തൊഴിലാളികള്‍ താമസിച്ചിരുന്ന രണ്ട് കാരവനുകള്‍ പൂര്‍ണമായും കത്തിനശിച്ചു.
ഇന്നലെ ഉച്ചക്ക് 12.30 ഓടെയായിരുന്നു തീപിടുത്തം. സമീപത്തെ തഖ്‌വ മസ്ജിദിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികള്‍ താമസിച്ചിരുന്ന കാരവനുകള്‍ക്കാണ് തീപിടിച്ചത്. ഇതില്‍ നിര്‍മാണ കമ്പനിയുടെ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. ഇതും അഗ്നി വിഴുങ്ങി.
തൊഴിലാളികള്‍ ഉച്ച വിശ്രമത്തിനു തയാറെടുക്കുന്നതിനിടെയായിരുന്നു തീപിടുത്തം. സംഭവ സമയത്ത് ഉള്ളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തൊഴിലാളികളുടെയും മറ്റും വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും അഗ്നിക്കിരയായി.
തീപിടുത്തത്തെ തുടര്‍ന്ന് പ്രദേശമാകെ പുകയില്‍ മുങ്ങി. ഇത് വന്‍ ഗതാഗതക്കുരുക്കിന് വഴിവെച്ചു.
ആറ് അഗ്നിശമന വാഹനമെത്തി രണ്ട് മണിയുടെ തീനിയന്ത്രണവിധേയമാക്കി. മസ്ജിദിന്റെ നിര്‍മാണ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ഫൈബര്‍ വേലികളും അഗ്നിക്കിരയായി.
തീപിടുത്തത്തില്‍ കാരവനുകള്‍ക്കുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.