ഹഖുല്ലൈല; ഇന്ന് ആഘോഷരാവ്‌

Posted on: June 23, 2013 7:38 pm | Last updated: June 23, 2013 at 7:38 pm
SHARE

അബുദാബി: വിശ്വാസി സമൂഹത്തിന് ഇന്ന് ആഘോഷരാവ്. അറബി മാസങ്ങളിലെ ഒമ്പതാം മാസമായ ശവ്വാലിലെ 15-ാം രാവിനാണ് അറബികള്‍ ഹഖുല്ലൈല എന്നും മലയാളികള്‍ ബറാഅത്ത് രാവെന്നും വിളിക്കുന്നത്. നിസ്ഫു ശഅ്ബാന്‍ എന്ന് അറബിയില്‍ പറയുന്ന ഈ രാവിന് ഏറെ മഹത്വങ്ങളുള്ളതായി മുസ്‌ലിം ലോകം വിശ്വസിക്കുന്നു.
പാപമോചനം ഈ രാത്രിയുടെ ഏറ്റവും വലിയ സവിശേഷതയാണ്. പാപങ്ങള്‍ പൊറുക്കപ്പെടാനാവശ്യമായ സല്‍പ്രവര്‍ത്തനങ്ങളില്‍ ഈ രാത്രി സമയം വിശ്വാസികള്‍ ചെലവഴിക്കും.
യു എ ഇയിലെ സ്വദേശി സമൂഹം ഈ രാത്രിയെ വളരെ പ്രാധാന്യത്തോടെയാണ് സ്വീകരിക്കുന്നത്. ഹഖുല്ലൈല എന്ന പേരില്‍ സ്വദേശി വീടുകളിലും മജ്‌ലിസുകളിലും പ്രത്യേക സംഗമങ്ങളും മധുരപലഹാര വിതരണവും നടക്കും. കുട്ടികളുടെ സംഘം പലഹാരങ്ങള്‍ വീടുകളില്‍ എത്തിക്കും.
ബറാഅത്ത് രാവിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചറിയിക്കുന്നതായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച യു എ ഇയിലെ അയ്യായിരത്തോളം വരുന്ന പള്ളികളിലെ ഖുത്വുബയിലെ വിഷയം. വിശുദ്ധ ഖുര്‍ആനിലെ ഹൃദയമെന്ന് വിശേഷിക്കപ്പെട്ട സൂറത്ത് യാസീന്‍ ഉള്‍പ്പെടെയുള്ള പ്രത്യേക അധ്യായങ്ങള്‍ പാരായണം ചെയ്യുന്നതിനും പ്രാര്‍ഥനയില്‍ മുഴുകുന്നതിനും ഈ ദിവസത്തില്‍ ഏറെ പുണ്യമുണ്ട്.
വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നാളെയാണ് ഇത്തരം ആഘോഷങ്ങള്‍ക്ക് ഇവിടങ്ങള്‍ കേന്ദ്രമാവുക. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ കുട്ടികള്‍ പ്രത്യേകം തയാറാക്കിയ ബേഗുകള്‍ വിതരണം ചെയ്യും. വിശുദ്ധ റമസാന് മുന്നൊരുക്കമെന്ന നിലയിലും ഈ ദിവസത്തിന് ഏറെ പ്രാധാന്യമുണ്ട്.