ജോസ് തെറ്റയില്‍ രാജിയിലേക്ക്‌

Posted on: June 23, 2013 7:27 pm | Last updated: June 24, 2013 at 2:19 pm
SHARE

jose thettayil

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ജനതാദള്‍ എസ് നേതാവും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയില്‍ എം എല്‍ എ സ്ഥാനം രാജിവെച്ചേക്കും. ഇന്ന് തന്നെ തെറ്റയിലിന്റെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
അങ്കമാലി മഞ്ഞപ്ര സ്വദേശിയായ യുവതിയാണ് ജോസ് തെറ്റയിലിനും മകന്‍ തോമസിനുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ജോസ് തെറ്റയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ ഡി എഫിന്റെ അനൗപചാരിക നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ ജോസ് തെറ്റയില്‍ രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു. മുന്നണി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഭരണപക്ഷം സ്വീകരിക്കുന്ന നിലപാട് കൂടി ആശ്രയിച്ചാകും അന്തിമ തീരുമാനം. തെറ്റയില്‍ രാജിവെക്കണമെന്ന് ഭരണ-പ്രതിപക്ഷ കക്ഷികളൊന്നും ഔദ്യോഗികമായി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
സോളാര്‍ വിവാദം കത്തിനില്‍ക്കെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ് തെറ്റയിലിനെതിരായ ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തെറ്റയിലിന്റെ രാജിയില്ലാതെ സോളാര്‍ വിഷയം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് എല്‍ ഡി എഫ് നേതാക്കളുടെ വിലയിരുത്തല്‍.
വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ തെളിവുകള്‍ സഹിതമാണ് യുവതിയുടെ പരാതിയെന്നതിനാല്‍ പിടിച്ചു നില്‍ക്കാന്‍ ന്യായീകരണങ്ങളൊന്നുമില്ല. പോലീസിന് വിശദമായ മൊഴിയും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും. തെറ്റയില്‍ രാജിവെക്കാതെ സോളാര്‍ പ്രശ്‌നം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ ഭരണപക്ഷം ശക്തമായ പ്രത്യാക്രമണം നടത്തുമെന്നുറപ്പാണ്. ഇതാണ് രാജിയിലേക്കുള്ള തെറ്റയിലിന്റെ വഴിക്ക് വേഗത കൂട്ടുന്നതും. മന്ത്രിയല്ലാത്തതിനാല്‍ എം എല്‍ എ പദവി രാജിവെക്കേണ്ടതുണ്ടോയെന്ന ചിന്തിക്കുന്നവരുമുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ മന്ത്രിമാര്‍ പദവി രാജിവെക്കുന്നതാണ് പതിവ്. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് പി ജെ ജോസഫ് മന്ത്രിസ്ഥാനം മാത്രമാണ് രാജിവെച്ചിരുന്നത്. ഈ മന്ത്രിസഭയില്‍ കെ ബി ഗണേഷ്‌കുമാറിനെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മന്ത്രിപദവി മാത്രമാണ് രാജിവെച്ചത്.
എന്നാല്‍, ഇപ്പോള്‍ അത്തരമൊരു നിലപാട് വേണ്ടെന്നും എം എല്‍ എ സ്ഥാനം തന്നെ രാജിവെക്കണമെന്നുമാണ് മുന്നണിയിലെ ഭൂരിപക്ഷാഭിപ്രായം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രാജി ആവശ്യം ഉയര്‍ത്തുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ തന്നെ മുന്നണി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കാന്‍ ജനതാദള്‍ എസിനോട് ആവശ്യപ്പെടും. ഇതിന് പിന്നാലെ തെറ്റയിലിന്റെ രാജി പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് മുന്നണി നേതൃത്വം നല്‍കുന്ന സൂചന.
മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് പുതിയ വിവാദം വന്നിരിക്കുന്നത്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് ഇന്ന് നിയമസഭാ മാര്‍ച്ച് നടത്തുകയാണ്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്.