8.2 കോടിയുടെ റോഡ് വികസനം നടപ്പാക്കുന്നു

Posted on: June 23, 2013 7:18 pm | Last updated: June 23, 2013 at 7:18 pm
SHARE

ദുബൈ: അല്‍ ഖിസൈസിലേയും അല്‍ ഖൂസിലേയും ഗതാഗത കുരുക്കിന് പരിഹാരമായി 8.2 കോടിയുടെ റോഡ് വികസനം നടപ്പാക്കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ വ്യക്തമാക്കി. റോഡ് വികസനത്തിന്റെ ഭാഗമായി കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും.
എമിറേറ്റിലെ താമസ ജില്ലകളായ അല്‍ ഖിസൈസ് മൂന്ന്, അല്‍ ഖൂസ് രണ്ട്, അല്‍ ഖൂസ് മൂന്ന് എന്നിവിടങ്ങളിലാണ് പുതിയ റോഡ് പദ്ധതി നടപ്പാക്കുന്നത്. വരുന്ന ഏതാനും മാസത്തിനകം പദ്ധതി പ്രവര്‍ത്തികമാക്കും.
ദുബൈ നഗരത്തില്‍ അഞ്ചു വര്‍ഷത്തിനകം നടപ്പാക്കുന്ന വിവിധ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വികസനം സാധ്യമാക്കുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മത്താര്‍ വെളിപ്പെടുത്തി.
അല്‍ ഖിസൈസ് മൂന്നിലെ ഉള്‍ഭാഗങ്ങളിലെ റോഡ് വികസന പദ്ധതി ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 225 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. 2.32 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇവിടെയുള്ള മസ്ജിദിന് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും.
തെരുവ് വിളക്ക് സ്ഥാപിക്കാനായി 597 വൈദ്യുത തൂണുകള്‍ മേഖലയില്‍ സ്ഥാപിക്കും. മഴവെള്ളം ഒഴുക്കി വിടാനായി അഴുക്കുചാലും പദ്ധയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായും ആര്‍ ടി എ ചെയര്‍മാന്‍ പറഞ്ഞു.