ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം: പോലീസ് കേസെടുത്തു

Posted on: June 23, 2013 6:09 pm | Last updated: June 24, 2013 at 12:20 am
SHARE

jose thettayilകൊച്ചി: മുന്‍ മന്ത്രി ജോസ് തെറ്റയില്‍ എം എല്‍ എക്കെതിരെ ലൈംഗികാരോപണം. അങ്കമാലി മഞ്ഞപ്ര സ്വദേശിയായ യുവതിയാണ് ജോസ് തെറ്റയിലിനും മകന്‍ തോമസിനുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സ്റ്റേഷനിലെത്തി ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കിയത്. യുവതിയില്‍ നിന്ന് വിശദമായി മൊഴിയെടുത്ത പോലീസ് ജോസ് തെറ്റയിലിനും മകനുമെതിരെ ഐ പി സി 376 ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. എറണാകുളം ക്രൈം ബ്രാഞ്ച് എസ് പി അജിത ബീഗം സുല്‍ത്താന കേസന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. യുവതിയെ ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. അതിനിടെ യുവതിയുമായി തെറ്റയില്‍ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ജോസ് തെറ്റയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. 2007 മുതല്‍ ജോസ് തെറ്റയിലുമായി പരിചയമുണ്ട്. 2010 മുതലാണ് ജോസ് തെറ്റയിലിന്റെ മകന്‍ തോമസ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ ലൈംഗികമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്. 15 പേജുള്ള പരാതിയും ദൃശ്യങ്ങളടങ്ങുന്ന സി ഡിയുമാണ് യുവതി പോലീസിന് കൈമാറിയത്.
ഇതിനു പിന്നാലെയാണ് ടി വി ചാനലുകളിലൂടെ ലൈംഗികവേഴ്ചയുടെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കിടപ്പുമുറിയില്‍ സ്ഥാപിച്ച വെബ്ക്യാമറയില്‍ യുവതി തന്നെ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ലൈംഗികമായി ഉപയോഗിച്ചിരുന്ന മകന്‍ കൈയൊഴിഞ്ഞതിനെത്തുടര്‍ന്ന് പരാതി പറയാനാണ് ജോസ് തെറ്റയിലിനെ സമീപിച്ചത്. ആദ്യമൊക്കെ വളരെ നല്ല രീതിയില്‍ പെരുമാറിയിരുന്നതിനാലാണ് ജോസ് തെറ്റയിലുമായി അടുത്തതെന്നും പിന്നീട്, തന്നെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. ജോസ് തെറ്റയിലും മകനും താനുമായി ബന്ധപ്പെടുന്നത് പരസ്പരം ഇരുവരും അറിഞ്ഞിരുന്നതായി തോന്നുന്നില്ലെന്നും യുവതി പറയുന്നു. സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇരുവരും വിളിക്കുമ്പോള്‍ തെറ്റയിലിന്റെ ഫഌറ്റില്‍ പോയിരുന്നത്. ഒടുവില്‍ വഞ്ചിക്കപ്പെടുകയാണെന്ന് സംശയം തോന്നിയപ്പോഴാണ് മുറിയില്‍ വെബ് ക്യാമറ വെച്ചത്. ഒരിക്കല്‍ വെച്ചപ്പോള്‍ ദൃശ്യങ്ങള്‍ വ്യക്തമായി പതിയാതിരുന്നതിനാല്‍ രണ്ടാം തവണ വെബ്ക്യാമറ കൃത്യമായി വെക്കുകയായിരുന്നു. അയര്‍ലന്‍ഡില്‍നിന്നു മകന്‍ തിരിച്ചുവന്നിട്ടും വിവാഹത്തിനുള്ള നടപടികളൊന്നുമുണ്ടാകാതിരുന്നതിനാലാണ് പോലീസിനെ സമീപിക്കുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.
അതേസമയം തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജോസ് തെറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
പരാതിക്കാരിയായ യുവതിയെ തനിക്ക് വളരെ നേരത്തെ അടുത്ത് പരിചയമുണ്ട്. കഴിഞ്ഞ നവംബറില്‍ മകനെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് തന്നെ വന്നു കണ്ടിരുന്നു. എന്നാല്‍ മകനേക്കാള്‍ മൂന്ന് വയസ്സ് കൂടുതലായതിനാല്‍ വിവാഹത്തിന് താത്പര്യമില്ലായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ പരാതിക്കു കാരണമെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.