Connect with us

Malappuram

വേണം ഇവരുടെ ആശങ്കകള്‍ക്ക് അറുതി; കാത്തിരിപ്പിനും

Published

|

Last Updated

മുഹമ്മദ്കുട്ടിക്ക് എന്ത് സംഭവിച്ചുകാണും? ജീവിച്ചിരിപ്പുണ്ടാകുമോ? ഉണ്ടെങ്കില്‍ എവിടെ?  ജീവിതം പച്ചപിടിപ്പിക്കാന്‍ കടല്‍ കടന്നുപോയ വെന്നിയൂര്‍ കൊടക്കല്ല് ഭഗവതിക്കാവുങ്ങല്‍ മുഹമ്മദ്കുട്ടിയുടെ ബന്ധുക്കള്‍ക്ക് ആശങ്കകളുടെ ഭാരം ഒന്നിറക്കിവെക്കാന്‍ ഇത്രയെങ്കിലും അറിയണം. ലോഞ്ചില്‍ കയറി കാണാമറയത്തേക്ക് പോയവരുടെയൊക്കെ കുടുംബാംഗങ്ങള്‍ക്ക് ഇനി അറിയേണ്ടത് ഇത്രമാത്രം. കണ്ണീരുണങ്ങാത്ത കാത്തിരിപ്പില്‍ പ്രതീക്ഷകളൊക്കെയും പൊലിഞ്ഞുപോയവരാണിവര്‍. ആശിക്കാന്‍ പാടില്ലാത്തതാണെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അതറിയണം. ഇനി ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍ ഏത് അവസ്ഥയിലെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അതറിയണം. എന്താണ് വഴി? ഇവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയില്ലേ..?

വേര്‍പാടിന്റെ നിശ്ശബ്ദമായ തേങ്ങല്‍ കേള്‍ക്കാം മുഹമ്മദ്കുട്ടിയുടെ വീട്ടുമുറ്റത്തെത്തുമ്പോള്‍. ആ തിരോധാനത്തിന്റെ കഥ പറയുമ്പോള്‍ ഭാര്യ നഫ്വീസക്ക് വാക്കുകള്‍ മുറിഞ്ഞുപോകും. അത്രമാത്രം ദു:ഖവും പേറിയാണ് അവര്‍ കഴിയുന്നത്. എത്ര ശ്രമിച്ചാലും മറക്കാന്‍ കഴിയില്ലവര്‍ക്ക് മുഹമ്മദ്കുട്ടിയോടൊന്നിച്ച് കഴിഞ്ഞ നാളുകള്‍.
പറക്കമുറ്റാത്ത മൂന്ന് മക്കള്‍: ഹംസ, ഫാത്വിമ, സുഹറ. സങ്കടങ്ങള്‍ക്കൊപ്പം ഇവരെയും ചേര്‍ത്തുപിടിച്ച് കഴിച്ചുകൂട്ടിയത് ഒന്നും രണ്ടും ദിനങ്ങളല്ല. നീണ്ട 36 വര്‍ഷങ്ങള്‍. മുഹമ്മദ്കുട്ടി യാത്ര പോകുമ്പോള്‍ ഫാത്വിമക്ക് അഞ്ചും ഹംസക്ക് മൂന്നും സുഹ്‌റക്ക് രണ്ടും വയസ്സായിരുന്നു. അതിനിടെ സുഹ്‌റ മരിച്ചു. ഇപ്പോഴും സഹോദരങ്ങളുടെ സംരക്ഷണത്തിലാണ് ഇവര്‍ കഴിയുന്നത്. 1984ല്‍ പിതാവ് ആലിയാമുവും എട്ട് വര്‍ഷം മുമ്പ് മാതാവ് ഫാത്വിമയും മരിച്ചു.

ഭഗവതിക്കാവുങ്ങല്‍ ആലിയാമുവിന്റെയും ഫാത്വിമയുടെയും മകനാണ് മുഹമ്മദ്കുട്ടി. മുംബൈയിലെ വര്‍ളിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജീവിതം കരക്കടുപ്പിക്കാന്‍ കടല്‍ കടന്നത്. കൊടിഞ്ഞി സ്വദേശിയുടെ ലോഞ്ചില്‍തന്നെയായിരുന്നു മുഹമ്മദ്കുട്ടിയും പുറപ്പെട്ടത്. ഇദ്ദേഹം ലോഞ്ചില്‍ കയറി യാത്രയാകുന്നത് കയറാനാകാതെ മടങ്ങിയവര്‍ കണ്ടിരുന്നു. പിന്നീട് മുഹമ്മദ്കുട്ടിക്ക് എന്ത് സംഭവിച്ചുവെന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അറിയില്ല. ലോഞ്ചില്‍ പോയവരെക്കുറിച്ച് അന്വേഷണങ്ങള്‍ പലത് നടന്നു. പാകിസ്ഥാന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് സിയാഉല്‍ഹഖ് ഡല്‍ഹിയില്‍ വന്നപ്പോള്‍ ചിലര്‍ നിവേദനം നല്‍കിയിരുന്നു. പക്ഷെ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളൊന്നും ഇതുവരെയും ഉണ്ടായില്ലെന്ന് മുഹമ്മദ്കുട്ടിയുടെ സഹോദരന്‍മാര്‍ പറയുന്നു.

ഇപ്പോള്‍ പ്രവാസിക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ കാണാതായവരുടെ കുടുംബസംഗമം നടത്തുകയും ലോഞ്ചില്‍ പോയവരുടെ പേരുവിവരങ്ങള്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന് സമര്‍പ്പിക്കുകയും ചെയ്തത് ഇവര്‍ക്ക് ചെറിയ പ്രതീക്ഷയെങ്കിലും നല്‍കുന്നുണ്ട്. പക്ഷെ തുടര്‍നടപടികള്‍ എന്തൊക്കെയായി എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. കൂട്ടായ ശ്രമങ്ങള്‍ നടക്കണം. കേരള നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ എം എല്‍ എമാര്‍ തയ്യാറാകണമെന്നും മുഹമ്മദ്കുട്ടിയുടെ സഹോദരങ്ങള്‍ ആവശ്യപ്പെടുന്നു. പ്രവാസി സംഘടനകളും ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സ്ഥലം എം എല്‍ എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിനെ നേരില്‍ കാണുമെന്നും ഇവര്‍ പറഞ്ഞു. പാകിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ക്കുപോലും അറിയാത്ത വളരെ രഹസ്യമായ പല ജയിലുകളും അവിടെ ഉണ്ടത്രെ. ഇതില്‍ ഏതെങ്കിലും ഒരു ജയിലില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഉണ്ടാകുമോ? ഉണ്ടെങ്കില്‍ അവരെ നാട്ടിലെത്തിക്കാന്‍ നടപടി ഉണ്ടാകുമോ? ഇത്രയെങ്കിലും അറിയാന്‍ ബന്ധുക്കള്‍ക്ക് അവകാശമില്ലേ..?
നാളെ: നടുക്കടലില്‍ മരണം മുന്നില്‍ കണ്ട യാത്ര

Latest