ഇന്ദിരാ ആവാസ് യോജന: 1,295 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി

Posted on: June 23, 2013 7:43 am | Last updated: June 23, 2013 at 7:43 am
SHARE

കല്‍പ്പറ്റ: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രപദ്ധതിയായ ഇന്ദിരാ ആവാസ് യോജന പ്രകാരം ജില്ലയില്‍ മുന്‍വര്‍ഷങ്ങളില്‍ തുടക്കം കുറിച്ചവയടക്കം 1,295 വീടുകളുടെ നിര്‍മ്മാണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കി.
മാര്‍ച്ച് 31 വരെ ആറ് കോടി 38 ലക്ഷം രൂപ ചിലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമസഭകള്‍ ചേര്‍ന്നാണ് അര്‍ഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
ഗ്രാമീണ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗം എം.ഐ.ഷാനവാസ് എം.പി.യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയഗ്രാമീണ ഉപജീവനമിഷന്‍, പ്രധാനമന്ത്രി ഗ്രാമസഡക് യോജന, നിര്‍മ്മല്‍ഭാരത് അഭിയാന്‍, സംയോജിത നീര്‍ത്തട പരിപാലന പദ്ധതി, സാമൂഹ്യസാമ്പത്തിക ജാതി സെന്‍സസ്, ഭൂരേഖആധുനികീകരണം, ആര്‍ ജി ജി വി വൈ, ബാക്ക്‌വേഡ് റീജിയന്‍ ഗ്രാന്റ് ഫണ്ട് വിനിയോഗം, എം എസ് ഡി പി , എം പിമാരുടെ പ്രാദേശിക വികസന നിധി, കുടുംബശ്രീ തുടങ്ങിയവയുടെ നിര്‍വ്വഹണ പുരോഗതി യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാകളക്ടര്‍ കെ.ജി.രാജു, പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ കെ.പി.വേണുഗോപാല്‍, ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.