നീക്കം ചെയ്യാത്ത മാലിന്യം പാലക്കാട് നഗരത്തിന് ഭീഷണിയായി

Posted on: June 23, 2013 7:30 am | Last updated: June 23, 2013 at 7:30 am
SHARE

പാലക്കാട്: വഴിയോരങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യം കൊത്തിപ്പറിക്കുന്ന കാക്കക്കൂട്ടം ഭീഷണിയാകുന്നു. പലയിടങ്ങളിലും വെള്ളക്കെട്ടുകളില്‍ കൊതുകുകളും കൂത്താടികളും പെരുകിയിട്ടുണ്ട്. ദിവസേന മാലിന്യശേഖരണം നടന്നിരുന്ന നഗരപ്രദേശത്ത് ആഴ്ചയില്‍ മൂന്ന് തവണ നടക്കുന്നുവെന്ന് പറയുമ്പോള്‍ പാതയോരത്ത് മാലിന്യക്കൂമ്പാരം പതിവ് കാഴ്ചയാണ്.
ആരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക് മാലിന്യം ഓവുചാലുകളില്‍ തള്ളുന്നത് മാലിന്യം റോഡില്‍ ഒഴുകിപ്പരക്കാനിടയാക്കുന്നു. ഇത് നഗരത്തെ പകര്‍ച്ചവ്യാധിയിലാഴ്ത്തുന്നു. പ്രധാന കവലകളിലും റോഡരികിലും കൂട്ടിയിടുന്ന മാലിന്യാവശിഷ്ടങ്ങള്‍ മഴ പെയ്തതോടെ ചീഞ്ഞ് നാറുകയാണ്. വീടുകളില്‍നിന്നും വ്യാപാരസ്ഥാപനങ്ങളില്‍നിന്നും പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക്മാലിന്യവും ‘ഭക്ഷണാവശിഷ്ടങ്ങളുമാണ് പലയിടങ്ങളിലും കുമിഞ്ഞുകൂടിയിരിക്കുന്നത്. നഗരസഭയുടെ ഓടകള്‍ വൃത്തിയാക്കാന്‍ ഇപ്പോഴും നീക്കം തുടങ്ങിയിട്ടില്ല. ഒരുവിഭാഗം കച്ചവടക്കാരുള്‍പ്പെടെ പലരും ഓവുചാലുകളില്‍തന്നെയാണ് ഇപ്പോഴും മാലിന്യം നിക്ഷേപിക്കുന്നത്. പലയിടത്തും മാലിന്യത്താല്‍ അഴുക്കുചാലുകള്‍ അടഞ്ഞ്കിടക്കുന്നു.—കാണിക്കമാത സ്‌കൂളിനുസമീപം, ചക്കാന്തറ, സ്‌റ്റേഡിയം സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെ മാലിന്യക്കൂമ്പാരം പതിവ്കാഴ്ചയാണ്. സ്‌റ്റേഡിയം സ്റ്റാന്‍ഡിന് സമീപം നഗരസഭയുടെ കുപ്പത്തൊട്ടി ഉണ്ടായിരുന്നെങ്കിലും നാളുകള്‍ക്ക് മുമ്പ് ഇത് അപ്രത്യക്ഷമായി. ദുര്‍ഗന്ധവും അസഹനീയമായിട്ടുണ്ട്. പിരായിരി പള്ളിക്കുളം ഭാഗത്ത് രാത്രികാലങ്ങളില്‍ റോഡരികില്‍ വലിച്ചെറിയുന്ന മാലിന്യംകൊണ്ട് നായ്ക്കളുടെ ശല്യം ഏറിയിട്ടുണ്ട്.