ബി എസ് എന്‍ എല്‍ കാഷ്വല്‍ തൊഴിലാളികള്‍ ദുരിതത്തില്‍

Posted on: June 23, 2013 3:29 am | Last updated: June 23, 2013 at 3:29 am
SHARE

BSNL_9പാലക്കാട്: ആനുകൂല്യങ്ങളില്ലാത്തതിന് പുറമെ തുച്ഛമായി ലഭിക്കുന്ന പ്രതിഫലവും മുടങ്ങിയതോടെ ജില്ലയിലെ ബി എസ് എന്‍ എല്‍ കാഷ്വല്‍ തൊഴിലാളികള്‍ ദുരിതത്തിലായി.
ഒന്നരമാസത്തിലേറെയായി ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ഈ രംഗത്തുനിന്ന് പിന്മാറുകയാണ്.
ടെലികോം മേഖലയില്‍ 1987ന് ശേഷം മെക്കാനിക്കല്‍ വിഭാഗത്തില്‍ നിയമനം നടത്തിയിട്ടില്ല. അതിനാല്‍ കാഷ്വല്‍ തൊഴിലാളികളിലൂടെയാണ് പ്രവര്‍ത്തനം നീങ്ങുന്നത്. അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല വലിയ തൊഴില്‍ചൂഷണവും മേഖലക്ക് വെല്ലുവിളിയാവുന്നു. വിദഗ്ധ തൊഴില്‍ മേഖലയായ മെക്കാനിക്കല്‍ വിഭാഗത്തിന് കീഴിലാണ് കാഷ്വല്‍ തൊഴിലാളികളിലേറെയും.
പഴയ ലൈന്‍മാന്റെ പുതിയ രൂപമായ ടെലികോം ടെക്‌നീഷ്യനെ സഹായിക്കലാണ് ചുമതല. കേബിള്‍ അറ്റകുറ്റപ്പണികളെടുക്കുന്നതും ജോയിന്റുകളടിക്കുന്നതും ഇവരാണ്. 72 രൂപയാണ് തുടക്കത്തില്‍ ലഭിച്ചിരുന്ന ശമ്പളം. ഒരു വര്‍ഷം മുമ്പാണ് പ്രതിഫലം 300 രൂപയാക്കിയത്. ഇതും ഇപ്പോള്‍ മുടങ്ങി.
25 വര്‍ഷത്തിലേറെയായി ഈ രംഗത്ത് തൊഴിലെടുക്കുന്നവരുണ്ട്. ബിഎസ്എന്‍എല്‍ അധികൃതരുടെ നിലപാടനുസരിച്ച് കാഷ്വല്‍ തൊഴിലാളികളെന്നൊരു വിഭാഗമില്ല. മരിച്ചവര്‍ ഓരോരുത്തരും പെറ്റികരാറുകാരാണ്.
1990ന് ശേഷം ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ ഓരോ തൊഴിലാളിയും അവരുടെ തൊഴില്‍ കരാറെടുത്ത് ചെയ്യുകയാണെന്നാണ് പറയുന്നത്. പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ടെലികോം എസ്എസ്എ കളില്‍ കാഷ്വല്‍ തൊഴിലാളികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തൊഴിലെടുക്കുന്നത് കരാര്‍ വ്യവസ്ഥയിലാണ്.
പാലക്കാട് ജില്ലയിലും ഇത്തരം സംവിധാനം ഏപ്രില്‍ 30നകം നടപ്പാക്കുമെന്ന് ജില്ലാ ഡിജിഎം ലേബര്‍ കമീഷണര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിച്ചില്ല. സംസ്ഥാനത്താകെ 9000 ത്തോളം വരുന്ന കാഷ്വല്‍ തൊഴിലാളികള്‍ ടെലികോം രംഗത്തുണ്ട്.
ഇവര്‍ക്ക് ഏകീകൃതമായ പ്രതിഫലം ഇതുവരെ നടപ്പാക്കിയിട്ടില്ല.