Connect with us

Palakkad

സ്‌കൂള്‍ യൂനിഫോം വിതരണം അനിശ്ചതത്വത്തില്‍

Published

|

Last Updated

പട്ടാമ്പി: സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിട്ടും ജില്ലയില്‍ യൂനിഫോം വിതരണം അനിശ്ചതത്വത്തില്‍. വിതരണം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നയപരമായ തീരുമാനമെടുക്കാന്‍ വൈകുന്നതിനാല്‍ എസ് എസ് എ ഇത് വരെ ഫണ്ട് കൈമാറിയിട്ടില്ല. ഈ വര്‍ഷം മുതല്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യൂനിഫോം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഈ വാഗ്ദാനവും നടന്നില്ലെന്നാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പരാതി. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സൗജന്യമായി സര്‍ക്കാര്‍ യൂനിഫോം നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷവും സ്‌കൂള്‍ യൂനിഫോം വിതരണം വൈകിയിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവട്പിടിച്ചാണ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. പെണ്‍കുട്ടികള്‍ക്കും എസ്, എസ് ടി, ബി പി എല്‍ വിഭാഗങ്ങളില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കുമാണ് യൂനിഫോം വിതരണം ചെയ്യാന്‍ പദ്ധതി കൊണ്ടുവന്നത്. 400 രൂപ പ്രകാരം സ്‌കൂളിലെ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്കാണ് എസ് എസ് എ ഫണ്ട് നല്‍കിയിരുന്നത്.
അധ്യാപകരും പി ടി എ ഭാരവാഹികളും ഉള്‍പ്പെട്ട സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സമീപത്തെ കടകളില്‍ നിന്ന് വില പേശിയാണ് യൂനിഫോം വാങ്ങിയിരുന്നത്. സമയത്ത് യൂനിഫോം ലഭ്യമാക്കാന്‍ ഇതുവഴി കഴിഞ്ഞ വര്‍ഷം സാധിച്ചിരുന്നു. ഈ വര്‍ഷം മൂന്ന് സ്വകാര്യ കമ്പനികളില്‍ നിന്ന് നേരിട്ട് യൂനിഫോം വാങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിട്ടത്.
കമ്പനികളില്‍ നിന്ന് വന്‍കമ്മീഷന്‍ തട്ടാന്‍ ഇത് കാരണമായിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് രണ്ട് നിറത്തിലുള്ള ഏകീകൃത യൂനിഫോം നടപ്പാക്കണമെന്നായിരുന്ന വകുപ്പ് മന്ത്രി ആവശ്യപ്പെട്ടത്. ഇടത് അനുകൂല അധ്യാപക സംഘടനകള്‍ ഇതിനെ എതിര്‍ത്തതോടെ തീരുമാനം മാറ്റി.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത നിറത്തിലുള്ള യൂനിഫോം നല്‍കാനാണ് ഇപ്പോള്‍ തത്വത്തില്‍ ധാരണയെന്നറിയുന്നു. ജില്ലാ അടിസ്ഥാനത്തില്‍ യൂനിഫോമിന്റെ നിറങ്ങള്‍ നിശ്ചയിക്കാനും ആലോചനയുണ്ട്. മുന്‍ സര്‍ക്കാറിന്റെ അവസാന കാലത്താണ് പദ്ധതി പ്രഖ്യാപിച്ചത്.
എന്നാല്‍ ഇത്തവണ ഇനിയും യൂനിഫോം എത്തിക്കാന്‍ നടപടിയായില്ല. ഇന്ന് എറണാകുളത്ത് എസ് എസ് എ ജില്ലാ പ്രോജ്കട് കോ ഓര്‍ഡിനേറ്റര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്.
യോഗ തീരുമാനമനുസരിച്ചാകും എസ് എസ് എ യൂനിഫോം വിതരണത്തില്‍ നിലപാടെടുക്കുക. എയ്ഡഡ് സ്‌കൂളുകള്‍ക്ക് എപ്പോള്‍ യൂനിഫോം ലഭിക്കുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.

Latest