അമ്പത് ഏക്കറോളം ഭൂമി സ്വകാര്യ കമ്പനി കൈവശപ്പെടുത്തിയെന്ന്‌

Posted on: June 23, 2013 3:27 am | Last updated: June 23, 2013 at 3:27 am
SHARE

പാലക്കാട്: വെള്ളകുളം ഊരിനോട് ചേര്‍ന്ന അമ്പതോളം ഏക്കര്‍ ഭൂമി സ്വകാര്യകമ്പനി കൈവശപ്പെടുത്തിയതായി പരാതി.
കോട്ടത്തറ വില്ലേജിലെ സര്‍വേനമ്പര്‍ 1819ല്‍പെട്ട ഭൂമി നിരപ്പാക്കി അളന്നുതിരിച്ചിട്ടുണ്ട്. വെള്ളകുളം ഊരിലെ ആദിവാസികളുടെ ഭൂമിയാണിതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 2009വരെ ആദിവാസികളുടെ പേരില്‍ കോട്ടത്തറ വില്ലേജില്‍ കരം അടക്കുകയും കൈവശ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്തിട്ടുണ്ട്.
2009നും 2010നും ഇടക്കാണ് ഭൂമി മലപ്പുറം സ്വദേശിയുടെ പേരില്‍ എഗ്രിമെന്റ് ചെയ്യുന്നത്. തുടര്‍ന്ന് ഭൂമി ചെന്നൈ സ്വദേശി വാങ്ങുകയും ചെയ്തു. ഇവിടെ ഓര്‍ഗാനിക് ഫാം തുടങ്ങുന്നതിന് വേണ്ടിയാണ് ചെന്നൈ സ്വദേശി വാങ്ങിയിരിക്കുന്നതത്രെ.
ഭൂമി സംബന്ധിച്ച ഐടിഡി പ്രോജക്ട് ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തി. ഭൂമി കൈമാറ്റം ആദിവാസി’ഭൂമി നിയമപ്രകാരമുള്ളതാണോ എന്ന സംശയം ഉണ്ടെന്നാണ് പ്രോജക്ട് ഓഫീസറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
റവന്യു, വനം, രജിസ്‌ട്രേഷന്‍, വനം വകുപ്പുകളുടെ സംയുക്ത അന്വേഷണം വേണമെന്നും പ്രോജക്ട് ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് തഹസില്‍ദാരും താലൂക്ക് സര്‍വയറും സ്ഥലത്തെത്തി അന്വേഷണവും സര്‍വേയും തുടങ്ങി.
അട്ടപ്പാടിയില്‍ റി സര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ ഭൂമി കൈമാറ്റത്തില്‍ ഉണ്ടാകുന്ന തട്ടിപ്പ് കണ്ടെത്താന്‍ പ്രയാസമാണ്.
അട്ടപ്പാടിയില്‍ കള്ളമല വില്ലേജില്‍മാത്രമാണ് റിസര്‍വേ പൂര്‍ത്തിയായിട്ടുള്ളത്. അട്ടപ്പാടിയില്‍ ഏറെ വിവാദമായതാണ് കാറ്റാടി ‘ഭൂമി പ്രശ്‌നം. ഇത് കോട്ടത്തറ വില്ലേജിലെ നല്ലശിങ്കയിലാണ്.