Connect with us

Palakkad

അഗളിയില്‍ തെളിവെടുപ്പ് നടത്തും

Published

|

Last Updated

പാലക്കാട്: കേരള പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ 27, 28, 29 തീയതികളില്‍ അഗളിയിലുള്ള കമ്മ്യൂണിറ്റി സെന്ററില്‍ പരസ്യമായ തെളിവെടുപ്പ് നടത്തി ഊരുകള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കും.
ഇതിനുപുറമെ ഉദ്യോഗസ്ഥരും വിദഗ്ധരും ഉള്‍പ്പെടുന്ന സംഘം അട്ടപ്പാടിയെ കുറിച്ച് സമഗ്ര ശാസ്ത്രീയ നിയമപഠനവും നടത്തും. അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 20ന് കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റിങ് നടത്തുന്നത്. ഇതുസംബന്ധിച്ച് ജില്ലയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ആധികാരികമായി പഠനവിധേയമാക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെയ് 15നും ജില്ലാ കലക്ടര്‍ മെയ് 31നും ഐ ഡി ടി പി ഓഫീസര്‍ ഏപ്രില്‍ അഞ്ചിനും മെയ് 23നും ഇതുസംബന്ധിച്ച് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഐ ടി ഡി പി പ്രൊജക്ട് ഓഫസറുടെ റിപ്പോര്‍ട്ടില്‍ 18 ഊരുകളിലായി 26 കുട്ടികള്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ മരണപ്പെട്ടതായി ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പട്ടികജാതിക്കാരുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍, കൃഷിരീതിയില്‍ വന്ന മാറ്റങ്ങള്‍, ആരോഗ്യരംഗത്തെ അപാകതകള്‍ തുടങ്ങി 16 കാരണങ്ങള്‍ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കിടയാക്കിയതായി സൂചിപ്പിക്കുന്നു. ഇതിനു പുറമെ സംഘടനകളും വ്യക്തികളും വ്യത്യസ്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. 120 ഓളം പരാതികള്‍ ഇതുസംബന്ധിച്ച് കമ്മീഷന് ലഭിച്ചിട്ടുണ്ട്. 27ന് അഗളി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പരാതി പരിഹാര അദാലത്തും കമ്മീഷന്‍ നടത്തും.
ചെയര്‍മാന്‍ ജസ്റ്റിസ് പി എന്‍ വിജയകുമാര്‍, അംഗങ്ങളായ ഏഴുകോണ്‍ നാരായണന്‍, മുന്‍ എം എല്‍ എ അഡ്വ കെ കെ മനോജ് നേതൃത്വം നല്‍കുന്ന മൂന്ന് ഡെസ്‌ക്കുകളില്‍ പരാതികള്‍ കേള്‍ക്കും. ഇതിനുപുറമെ 27, 28, 29 തീയതികളില്‍ കമ്മീഷന്‍ രജിസ്റ്റാര്‍ പി വി മനോജ്, അക്കൗണ്ട് ഓഫീസര്‍ വിത്സന്‍ മാത്യു, സെക്ഷന്‍ ഓഫീസര്‍ ഷിതി വി ദാസ്, ഗാംഗേയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും.—
ഇതിനോടനുബന്ധിച്ച് ഊരുകളിലെ ശിശുമരണങ്ങളെക്കുറിച്ചും പോഷകാഹാരങ്ങളെക്കുറിച്ചും ശാസ്ത്രീയമായ തെളിവെടുപ്പിനും രോഗ നിര്‍ണയത്തിനും തൃശൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, അട്ടപ്പാടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, പാലക്കാട് ദയാ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധന്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി പ്രിന്‍സിപ്പല്‍ ബി അനില്‍കുമാര്‍, തൃശൂര്‍ മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ട് ഡോ ജയരാജ് എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും.—മേഖലയിലെ പരിസ്ഥിതി പഠനത്തിന് പരിസ്ഥിതി ശാസ്ത്രകാരനായ ഡോ ടി എ തോമസിന്റെ നേതൃത്വത്തിലുള്ള സംഘവും മൃഗപരിപാലനത്തെ സംബന്ധിച്ച് പഠനം നടത്തുന്നതിന് റിട്ട. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ കെ ആര്‍ രാജന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം സന്ദര്‍ശിക്കും.—
സര്‍ക്കാര്‍ ഉത്തരവുകള്‍, പൊതുനിയമങ്ങളുടെ ലംഘനങ്ങള്‍, പട്ടികജാതി-പട്ടികഗോത്രവര്‍ഗങ്ങളെ കുറിച്ചുള്ള പ്രത്യേക നിയമങ്ങള്‍, വനാവകാശം നടപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കമ്മീഷനെ സഹായിക്കുന്നതിനും പരാതിക്കാര്‍ക്ക് നിയമോപദേശം നല്‍കുന്നതിനുമായി റിട്ട സീനിയര്‍ ജില്ലാ ജഡ്ജിമാരായ കെ എസ് മേനോന്‍, എം ആര്‍ ബാലചന്ദ്രനായര്‍, കെ ജി അരവിന്ദാക്ഷന്‍, വി കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘം കമ്മീഷനെ അനുഗമിക്കും.—————————
തെളിവെടുപ്പിന്റെ ഭാഗമായി 29ന് ചെയര്‍മാനും അംഗങ്ങളും ഉദ്യോഗസ്ഥരും സംഘങ്ങളായി തിരിഞ്ഞ് ഊരുകള്‍ സന്ദര്‍ശിക്കും. കമ്മീഷന്‍ പഠനസംഘം നിര്‍ദേശങ്ങളും തീരുമാനങ്ങളും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നല്‍കും.——

Latest