Connect with us

Kozhikode

ഞാറ്റുവേല ആഘോഷം തുടങ്ങി

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് അഗ്രി- ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ തിരുവാതിര ഞാറ്റുവേല ആഘോഷവും നടീല്‍ വസ്തുക്കളുടെ വിപണന മേളയും ഗാന്ധി പാര്‍ക്കില്‍ ആരംഭിച്ചു. നല്ലയിനം നടീല്‍ വസ്തുക്കളും വിത്തിനങ്ങളും കൃഷിക്കാര്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷവും വില്‍പ്പന മേള നടക്കുന്നത്.
കുറ്റിയാടി തെങ്ങിന്‍ തൈകള്‍, കമുകിന്‍ തൈകള്‍, വാഴക്കന്നുകള്‍, വേരുപിടിച്ച കുരുമുളക് വള്ളികള്‍, ഒട്ടുമാവിന്‍ തൈകള്‍, സപ്പോട്ട, പേര, കുള്ളന്‍ ഇനത്തില്‍പെട്ട തെങ്ങിന്‍ തൈകള്‍, ചാമ്പ, റംബൂട്ടാന്‍, ജാതി, കരയാമ്പൂ, കൊടംപുളി, അത്തി, പേര, പ്ലാവ് തൈകള്‍ തുടങ്ങിയവയാണ് വില്‍പ്പന മേളയിലുള്ളത്. മാവിന്‍ തൈകളുടെ വിവിധ ഇനങ്ങളായ കാലപ്പാടി, ജഹാംഗീര്‍, മള്‍ഗോവ, ബംഗനപ്പള്ളി, ഹിമായുദ്ദീന്‍ എന്നിവയും മേളയില്‍ ഇടംപിടിച്ചിട്ടുണ്ട്. 100 രൂപയാണ് ഇതിന്റെ വില. വാഴക്കന്നുകളില്‍ നേന്ത്രവാഴ, ഞാണിപ്പൂവന്‍, മൈസൂരി, റോബസ്റ്റ് എന്നിവയാണ് വില്‍പ്പനക്കുള്ളത്. ഒമ്പത് മാസം കൊണ്ട് കുലയ്ക്കുന്ന നേന്ത്രവാഴ കന്നുകള്‍ക്ക് 35 രൂപയാണ് വില.
വാഴക്കന്നുകളും മാവിന്‍തൈകളും കമുകിന്‍ തൈകളുമാണ് മേളയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. ഒട്ടിച്ച ജാതി തൈകള്‍ മേളയിലെ പ്രധാന ആകര്‍ഷണമാണ്. 250 രൂപയാണ് വില. ഇതിനു പുറമെ തിരുവാതിര ഞാറ്റുവേലയില്‍ കേരളീയര്‍ പരമ്പരാഗതമായി സേവിക്കുന്ന ഉലുവ കഞ്ഞി ശാസ്ത്രീയമായി തയ്യാറാക്കി കൂടാരപ്പുര റസിഡന്റ്‌സ് അസോസിയേഷന്‍ വനിതകള്‍ പ്രദര്‍ശന നഗരിയില്‍ വില്‍പ്പന നടത്തുന്നുണ്ട്. ഒരു ഗ്ലാസിന് 20 രൂപയാണ് വില.
നടീല്‍ വസ്തുക്കളുടെ വിപണന മേള ജില്ലാ കലക്ടര്‍ സി എ ലത ഉദ്ഘാടനം ചെയ്തു. പ്രണിത ദിവാകരന്‍, അഡ്വ. തോമസ് മാത്യു, അഡ്വ. രാജന്‍, കെ ബി ജയാനന്ദന്‍ ചടങ്ങില്‍ പങ്കെടുത്തു. 25 വരെ നീണ്ടുനില്‍ക്കുന്ന മേള രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ്.

Latest