Connect with us

Kozhikode

ഉത്തരാഖണ്ഡ് ദുരന്തം: കേരള സര്‍ക്കാര്‍ നിലപാട് നിരാശാജനകം-ബിനോയ് വിശ്വം

Published

|

Last Updated

കോഴിക്കോട്: ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലും ബദരീനാഥിലും കുടുങ്ങിയ മലയാളികളുടെ രക്ഷാപ്രവര്‍ത്തനത്തില്‍ കേരള സര്‍ക്കാറിന്റെ നിലപാട് നിരാശാജനകമാണെന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് ഉത്തരാഖണ്ഡിലും ഹിമാചലിലും ഉണ്ടായത്. ഇവിടങ്ങളില്‍ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷിക്കുന്നതിന് ഒരു ചെറുവിരല്‍പോലും അനക്കാത്ത സംസ്ഥാന സര്‍ക്കാറാണ് ഏറ്റവും വലിയ കുറ്റവാളി. ഇത്രവലിയ ദുരന്തം നേരിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ പൊട്ടന്‍ കളിക്കുകയാണ്.
പല സംസ്ഥാന സര്‍ക്കാറുകളും സ്വന്തം മുന്‍കൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ കേരള സര്‍ക്കാര്‍ സ്വന്തം ചുമതല മറക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സീ പ്ലെയിന്‍ പറപ്പിക്കാന്‍ ആവേശം കാട്ടുന്ന സര്‍ക്കാര്‍ നൂറുകണക്കായ മലയാളികളെ രക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ല. സര്‍ക്കാര്‍ വിചാരിച്ചാല്‍ പ്രത്യേക വിമാനം തന്നെ ഏര്‍പ്പെടുത്താന്‍ കഴിയും. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ സ്വാമി ഗുരുപ്രസാദ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പ്രതിരോധ മന്ത്രി എ കെ ആന്റണിയെയുമെല്ലാം ഫോണില്‍ അറിയിച്ചിട്ടും സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന നിലയില്‍ നിസ്സംഗത പാലിക്കുകയാണ്.
ഈ മാസം 16ന് രാത്രി ദുരന്തമുണ്ടായ ഉടനെ തനിക്ക് ലഭിച്ച ടെലിഫോണ്‍ സന്ദേശം പ്രതിരോധ മന്ത്രി എ കെ ആന്റണിയെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു. മന്ത്രിയെ ഫോണില്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രശ്‌നത്തിന്റെ ഗൗരവം സംബന്ധിച്ച് അദ്ദേഹത്തിന്റെ ഫോണിലേക്ക് സന്ദേശമയച്ചു. എന്നാല്‍ പിറ്റേദിവസം രാവിലെ 11 മണിയോടെ പ്രതിരോധ മന്ത്രിയില്‍ നിന്ന് തനിക്ക് ലഭിച്ച സന്ദേശത്തില്‍ പ്രശ്‌നം സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍ നിന്ന് രേഖാമൂലം പരാതി ലഭിക്കണമെന്നാണ് ഉണ്ടായിരുന്നത്. ഇത് കേന്ദ്ര സര്‍ക്കാറിന്റെ ചുമതലാബോധമില്ലായ്മയാണ് തെളിയിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രശ്‌നത്തില്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിച്ചില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.