Connect with us

Kozhikode

ഗുണഭോക്താക്കളെ അറിയിച്ചില്ലെന്ന് ആരോപണം: ഗ്രാമസഭ അലങ്കോലമായി

Published

|

Last Updated

പേരാമ്പ്ര: ഗുണഭോക്താക്കളെ അറിയിക്കാതെ ഗ്രാമസഭ വിളിച്ചു ചേര്‍ത്തുവെന്നാരോപിച്ച് അംഗങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് ഗ്രാമസഭ അലങ്കോലപ്പെട്ടു.
ഇന്നലെ ഉച്ചക്ക് രണ്ടിന് വാളൂര്‍ ഗവ. യു പി സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത ഗ്രാമസഭയില്‍ 1300 ഓളം ഗുണഭോക്താക്കളുള്ള വാര്‍ഡില്‍ നിന്ന് 50ല്‍ താഴെ പേരാണ് പങ്കെടുക്കാനെത്തിയത്. ഗ്രാമസഭ സംഘടിപ്പിക്കുന്ന വിവരം ഗുണഭോക്താക്കളെ അറിയിക്കാത്തതാണ് ഇതിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗ്രാമസഭ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാമെന്ന് വാര്‍ഡംഗം അറിയിച്ചതോടെ, ഗ്രാമസഭക്കെത്തിയവര്‍ പ്രതിഷേധം തുടങ്ങി. പിന്നീട് അയല്‍ക്കൂട്ടം ചേരാമെന്ന വാര്‍ഡംഗത്തിന്റെ നിര്‍ദേശവും ബഹളത്തിനിടയാക്കി. ഒടുവില്‍ ഗ്രാമസഭ മറ്റൊരു ദിവസത്തേക്കാക്കാമെന്ന കാര്യത്തില്‍ എല്ലാവരും യോജിപ്പിലെത്തുകയായിരുന്നു.
വാര്‍ഡംഗത്തെ ഉപയോഗിച്ച് ചിലര്‍ ഗ്രാമസഭയും അയല്‍കൂട്ടങ്ങളും വിളിച്ചുചേര്‍ക്കുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ കാലമത്രയും കൃത്യമായി ഗ്രാമസഭ ചേര്‍ന്ന സന്ദര്‍ഭം വിരളമാണെന്നും ഗുണഭോക്താക്കള്‍ പറയുന്നു.
അതിനിടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വിളിച്ചുചേര്‍ത്ത ഗ്രാമസഭ തിടുക്കത്തില്‍ വിളിച്ചു ചേര്‍ത്ത് ക്വാറം തികഞ്ഞതായി വ്യാജ രേഖയുണ്ടാക്കാനുള്ള നീക്കമാണ് പൊളിഞ്ഞതെന്ന് വാര്‍ഡ് യു ഡി എഫ് യോഗം ആരോപിച്ചു.

Latest