കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന കേസ്; രണ്ട് പ്രതികള്‍ കീഴടങ്ങി

Posted on: June 23, 2013 2:58 am | Last updated: June 23, 2013 at 2:58 am
SHARE

പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ചൂരക്കോട്ട് വനമേഖലയില്‍ അനധികൃതമായി പ്രവേശിച്ച കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന കേസിലെ രണ്ട് പ്രതികള്‍ പേരാമ്പ്ര കോടതിയില്‍ കീഴടങ്ങി. തലയാട് തല്ലോറക്കല്‍ റിയാസ് (33), കാഞ്ഞിരപ്പറമ്പില്‍ നാസര്‍ (35) എന്നിവരാണ് പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (ഒന്ന്) യില്‍ കീഴടങ്ങിയത്. കേസില്‍ റിയാസ് മൂന്നാം പ്രതിയും നാസര്‍ അഞ്ചാം പ്രതിയുമാണ്. ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ഇത് തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് വനം വകുപ്പധികൃതരുടെ അപേക്ഷ പ്രകാരം പ്രതികളെ കസ്റ്റഡിയില്‍ വിട്ടു.
ഇവരെ ചോദ്യം ചെയ്തപ്പോള്‍, കൂടുതല്‍ പേര്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടുവെന്ന് വ്യക്തമായതായി ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു. നാലാം പ്രതി സുലൈമാന്‍ ഹാജി, ആറാം പ്രതി അബ്ദുല്‍ കരീം എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഇവര്‍ ഒളിവില്‍ കഴിയുകയാണെന്നും ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ ജ്യോതി പ്രകാശ് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 14നായിരുന്നു കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് മാംസം ശേഖരിച്ചത്. കക്കയം സെക്ഷന്‍ ഫോറസ്റ്റര്‍ കെ അബ്ദുര്‍റഹ്മാന്‍, പന്നിക്കോട്ടൂര്‍ സെക്ഷന്‍ ഫോറസ്റ്റര്‍ കെ പി അഭിലാഷ്, ഫോറസ്റ്റ് ഓഫീസര്‍മാരായ പി പ്രജീഷ്, എന്‍ കെ ബാലകൃഷ്ണന്‍, ബി ബിനു, നിധീഷ്, ദേവാനന്ദ് എന്നിവരാണ് അന്വേഷണം നടത്തിയത്.